Friday, July 2, 2010

നീഹാരിക അഥവാ നെബുല

നക്ഷത്രാന്തരീയ വാതകങ്ങളുടെയും പൊടിപടലങ്ങളുടെയും മേഘങ്ങളെയാണ് നീഹാരിക എന്ന് വിളിക്കുന്നത്‌. ആകാശഗംഗയ്ക്ക് പുറമേ, താരാപഥങ്ങള്‍ പോലെ വ്യാപിച്ച് കിടക്കുന്ന എന്തിനെയും പൊതുവേ നെബുലകള്‍ എന്ന് വിളിച്ചുവന്നിരുന്നു. പുതു നക്ഷത്രങ്ങളുടെ ജന്മസ്ഥലങ്ങളാണ് നീഹാരികകള്‍ (Nebula).


വിവിധതരം നെബുലകളില്‍ പല അനുപാതത്തില്‍ വിവിധ മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നു. നെബുലകള്‍, മരണാസന്നമായ നക്ഷത്രങ്ങളില്‍ നിന്നും രൂപം കൊള്ളുന്നവ ഒഴികെ, ധാരാളം ഹൈഡ്രജന്‍ ഉള്‍കൊള്ളുന്നവയാണ്. ഇത്തരം നെബുലകള്‍ക്ക് അനുയോജ്യമായ മര്‍ദ്ദവും ഊഷ്മാവും നേടാനായാല്‍, പുതുതലമുറ നക്ഷത്രങ്ങള്‍ക്ക് ജന്മം നല്‍കാന്‍ അവയ്ക്കാകും.


നക്ഷത്രങ്ങളെല്ലാം തന്നെ നീഹാരികയില്‍ നിന്നും രൂപമെടുത്ത് ഭീമന്മാരോ കുള്ളനമാരോ (ഇത് കാണുക) ആയ ശേഷം ജീവിതചക്രം പൂര്‍ത്തിയാക്കി മറ്റൊരു നീഹാരികയായി മാറുന്നു. രൂപീകരണ രീതി അനുസരിച്ച്, ഇത്തരം നെബുലകള്‍ ഗ്രഹ നീഹാരികകള്‍ (Planetary Nebulas)  എന്നോ അതിനോവ അവശിഷ്ടങ്ങള്‍ (Supernova Remnants) എന്നോ അറിയപ്പെടുന്നു. ഇവകളില്‍ നിന്നാണ് ഹൈഡ്രജന്‍, ഹീലിയം എന്നിവയെക്കാള്‍ ഭാരമേറിയ മൂലകങ്ങള്‍ പ്രപഞ്ചത്തില്‍ ഉണ്ടാകുന്നത്. ഭൂമിയുടെയും സസ്യ-ജീവജാലങ്ങളുടെയും എല്ലാം അടിസ്ഥാന നിര്‍മ്മാണ ഘടകങ്ങള്‍ ഈ ഭാരമേറിയ മൂലകങ്ങളാണ്. നാം ശ്വസിക്കുന്ന ഓക്സിജന്‍ ചുവന്ന ഭീമന്‍ നക്ഷത്രങ്ങളില്‍ നിന്നുമാണ് ഉത്ഭവിച്ചതെങ്കില്‍ നമ്മുടെ രക്തത്തിലെ ഇരുമ്പ് അതിനോവയായി മാറുന്ന ഭാരം കൂടിയ നക്ഷത്രങ്ങളില്‍ നിന്നുമാണ് വരുന്നത്. നാമെല്ലാവരും തന്നെ രൂപപെട്ടിരിക്കുന്നത് നക്ഷത്രങ്ങളില്‍ (നക്ഷത്രധൂളികളില്‍) നിന്നുമാണെന്ന് പറയുന്നതില്‍ അതിശയോക്തി ഇല്ല! We all are made of star dust!


നക്ഷത്രങ്ങളുടെ പുനര്‍ജനനവും അതുവഴി ഭാരം കൂടിയ മൂലകങ്ങളുടെ രൂപീകരണത്തിലും നെബുലകള്‍ എങ്ങനെ ഭാഗഭാക്കാകുന്നു എന്ന് അടുത്ത പോസ്റ്റില്‍ പറയാം.


അഭിപ്രായങ്ങള്‍ / നിര്‍ദ്ദേശങ്ങള്‍ / തെറ്റ് തിരുത്തല്‍ എന്നിവ എല്ലായ്പ്പോഴും പ്രതീക്ഷിക്കുന്നു. 

2 comments:

  1. നക്ഷത്രങ്ങളുടെ പുനര്‍ജനനവും അതുവഴി ഭാരം കൂടിയ മൂലകങ്ങളുടെ രൂപീകരണത്തിലും നെബുലകള്‍ എങ്ങനെ ഭാഗഭാക്കാകുന്നു എന്ന് അടുത്ത പോസ്റ്റില്‍ പറയാം.

    അടുത്ത പോസ്റ്റ്‌ വേഗം പ്രതീക്ഷിക്കുന്നു!

    ReplyDelete