Showing posts with label ഡാര്‍ക്ക്‌ മാറ്റര്‍. Show all posts
Showing posts with label ഡാര്‍ക്ക്‌ മാറ്റര്‍. Show all posts

Wednesday, March 9, 2011

ഡാര്‍ക്ക്‌ മാറ്ററിനെ എങ്ങനെ 'കാണാം'? - ഭാഗം ഒന്ന്

ഡാര്‍ക്ക്‌ മാറ്ററിനെ കുറിച്ച് മറ്റൊരു ലേഖനത്തില്‍ വിവരിച്ചിരുന്നുവല്ലോ. ഡാര്‍ക്ക്‌ മാറ്റെറിന്റെ നിലനിപ്പിനെ സാധൂകരിക്കുവാന്‍ നക്ഷത്രങ്ങളുടെയോ ഗ്യാലക്സികലുടെയോ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെ എങ്ങിനെ കഴിയും എന്നും വിശദീകരിചിരുന്നുവല്ലോ. എന്നാല്‍ ഡാര്‍ക്ക്‌ മാറ്റെറിന്റെ നേരിട്ട് 'കാണുവാന്‍' കഴിയുന്ന തരത്തിലേക്കുള്ള പരീക്ഷണങ്ങള്‍ ജ്യോതി ശാസ്ത്രത്തില്‍ നടന്നു വരുകയാണ്. അത്തരം പരീക്ഷണങ്ങളെ കുറിച്ചാണ് ഈ ലേഖനത്തില്‍ വിശദീകരിക്കുവാന്‍ പോകുന്നത്.

ഡാര്‍ക്ക്‌ മാറ്റര്‍ ഏതു തരം കണികകള്‍ മൂലം ആണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത് എന്നതായിരുന്നു തുടക്കത്തിലെ ഉയര്‍ന്നു വന്ന ചോദ്യം. ന്യുട്രിനോകള്‍ ആയിരിക്കാം എന്ന് ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും പ്രപഞ്ചത്തിലെ മുഴുവന്‍ ഡാര്‍ക്ക്‌ മാറ്ററും ന്യുട്രിനോകള്‍ ആയിരുന്നാല്‍ പ്രപഞ്ചത്തില്‍ ഗ്യാലക്സികള്‍ ഉണ്ടാകുന്നതിനെ വിശദീകരിക്കുവാന്‍ ബുദ്ധിമുട്ടാകുന്നതായി കണ്ടെത്തി. അതില്‍ നിന്നും പ്രപഞ്ചത്തിലെ മുഴുവന്‍ ഡാര്‍ക്ക്‌ മാറ്ററും ന്യുട്രിനോകള്‍ അല്ല എന്ന് അനുമാനിച്ചു. എന്നാല്‍ ഡാര്‍ക്ക്‌ മാറ്റര്‍ ഏതു കണികകള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരുന്നാലും അവ മറ്റു കണികകളുമായി കൂടിയിടിക്കുന്നതിനുള്ള സാധ്യത വളരെ വളരെ കുറവാണു. വിമ്പ് (WIMP - weakly interacting massive particle) എന്ന ഗണത്തില്‍ വരുന്ന കണികകളാല്‍  ആണ് ഭൂരിഭാഗം ഡാര്‍ക്ക്‌ മാറ്റര്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഇപ്പോള്‍ വിശ്വസിക്കപ്പെടുന്നത്. അത്തരം കണികകള്‍ നുട്രോണ്കളെക്കാള്‍ ഭാരമുള്ളതും സാവധാനം (പ്രകാശ വേഗത്തിന്റെ  ഏകദേശം ആയിരത്തില്‍ ഒന്ന്) സഞ്ചരിക്കുന്നതുമാണ് എന്ന് പല തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നു. ഇത്തരം കണികകളെയാണ് ജ്യോതി ശാസ്ത്രഞ്ജര്‍ 'ദൂര ദര്‍ശിനികളുടെ' സഹായത്തോടെ 'കാണുവാന്‍' ശ്രമിക്കുന്നത്.

എങ്ങനെയാണു ഇവയെ കാണുന്നത്? ഇവക്കു മറ്റു പദാര്‍ധങ്ങളുമായി interact ചെയ്യുവാന്‍ കഴിയാത്തത് കൊണ്ടും അവ പ്രപഞ്ചത്തില്‍ സര്‍വവ്യാപിയായത് കൊണ്ടും അത്തരം കണികകള്‍ നമുക്ക് ചുറ്റും ഇപ്പോഴും ഉണ്ടായിരിക്കും. ഓരോ ചതുരശ്ര മീറ്റര്‍ സ്ഥലത്തുകൂടി ലക്ഷക്കണക്കിന്‌ 'വിമ്പു'കള്‍ ഓരോ നിമിഷവും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഒരു കിലോഗ്രാം ഭാരമുള്ള ഏതെങ്കിലും ഒരു വസ്തുവിലെ ഒരു ആറ്റവുമായി, അവയില്‍ ഒരു 'വിമ്പ്' കണിക ഒരു ദിവസം ഒരു തവണ കൂടിയിടിക്കും എന്നാണ് ഏകദേശ കണക്ക്. അങ്ങനെ 'വിമ്പു'മായി കൂടിയിടിക്കപ്പെട്ട ആറ്റത്തിന്റെ ഉര്‍ജ്ജ്യ നിലക്ക് വ്യത്യാസം ഉണ്ടാകുന്നു. ഈ വ്യത്യാസം അളക്കുന്നതിലൂടെ നമുക്ക് ഡാര്‍ക്ക്‌ മറ്റെറിന്റെ നിലനില്‍പ്പും അവയുടെ സ്വഭാവവും മനസിലാക്കുവാന്‍ കഴിയും. ഇവിടെ "ഒരു കിലോഗ്രാം ഭാരമുള്ള വസ്തു"വിനെ നമ്മള്‍ 'ടിറെക്ടര്‍' (detector ) എന്ന് വിളിക്കുന്നു. ഉദാഹരണത്തിന് 'ടിറെക്ടര്‍' ഒരു സിലികോന്‍ വസ്തു ആണെങ്കില്‍, ഡാര്‍ക്ക്‌ മാറ്ററുമായി അത് 'പ്രവര്‍ത്തിക്കുമ്പോള്‍' അവയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. അതിനെ നമ്മുക്ക് അളക്കുവാന്‍ കഴിയും. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന  വൈദ്യുതിയെ 'സിഗ്നല്‍' (signal ) എന്നും വിളിക്കുന്നു.

മുകളില്‍ വിവരിച്ച സാങ്കേതിക വിദ്യ വളരെ ലളിതമായി തോന്നാമെങ്കിലും അത് നടപ്പില്‍ വരുത്തുന്നത് വളരെ സങ്കീര്‍ണമായ ജോലിയാണ്. കാരണം നാം അളക്കുവാന്‍ പോകുന്നത് വിമ്പ് ദിവസം ഒരു ആറ്റവുമായി ഒരു തവണ മാത്രം കൂട്ടിയിടിക്കുമ്പോള്‍ ഉണ്ടാകുന്ന സിഗ്നലിനെ ആണ്. എന്നാല്‍ ഒരു ദിവസം ലക്ഷക്കണക്കിന്‌ മറ്റു കണികകള്‍ 'ടിറ്റക്റ്ററു'മായി കൂടിയിടിക്കുകയും സിഗ്നല്‍ ഉണ്ടാക്കുകയും ചെയ്യും. അതില്‍ നിന്നും വിമ്പ് ഉണ്ടാക്കിയ സിഗ്നല്‍ വേര്‍തിരിച്ചെടുക്കുവാന്‍ കഴിയുകയില്ല. അപ്പോള്‍ എങ്ങനെയാണു ഡാര്‍ക്ക്‌ മാറ്റര്‍ ഉണ്ടാക്കിയ സിഗ്നല്‍ അളക്കുക?

മുകളിലെ പ്രശ്നത്തിനു  ഒരേ ഒരു വഴി മാത്രമേ ഉള്ളു. ടിട്ടെക്ടരില്‍ മറ്റു കണികകള്‍ വീഴുന്നത് തടയുക. അതിനു വേണ്ടി പലതരം കവചങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്. എന്നാല്‍ കോസ്മിക്‌ കിരണങ്ങളെ തടയുവാന്‍ അവയ്ക്ക് ആവുകയില്ല. കോസ്മിക് കിരണങ്ങള്‍ ചെന്ന് ചേരാത്ത സ്ഥലങ്ങള്‍ ഭൂമില്‍ ഉണ്ടെകില്‍ അത്തരം സ്ഥലങ്ങള്‍ ആണ് ഡാര്‍ക്ക്‌ മറ്റെരിനെ കണ്ടുപിടിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സ്ഥാപിക്കുവാന്‍ നല്ലത്. ഭൂമിക്കടിയില്‍ ആയിരം മീറ്ററോ അതില്‍ കൂടുതലോ ഉള്ള സ്ഥലങ്ങളില്‍ കോസ്മിക് രശ്മികള്‍ എത്തിപെടാനുള്ള സാധ്യത കുറവാണു. അക്കാരണത്താല്‍ ഡാര്‍ക്ക്‌ മാറ്റര്‍ 'ടിറ്റക്റ്ററു'കള്‍ വലിയ ഖനികളിലാണ്‌ സ്ഥാപിക്കുന്നത്. ബൌള്‍ബി (Boulby)  ബ്രിട്ടന്‍, സൌദാന്‍ ഖനി (യു എസ്), ഗ്രാന്‍ സാസ്സോ നാഷണല്‍ ലാബ്‌ , ഇറ്റലി തുടങ്ങിയവ അത്തരം ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ആണ്. ഇവയില്‍ ഗ്രാന്‍ സാസ്സോ നാഷണല്‍ ലാബില്‍ നടത്തിയ DAMA/Nal എന്ന പരീക്ഷണത്തില്‍ ഡാര്‍ക്ക്‌ മറ്റെറിന്റെ സാന്നിധ്യം കാണുവാന്‍ കഴിഞ്ഞു എന്ന് ശാസ്ത്രഞ്ജര്‍ അവകാശപ്പെടുന്നു. DAMA/Nal ന്റെ ചിത്രം താഴെക്കൊടുത്തിരിക്കുന്നു.
 
DAM/Nal (ഈ ചിത്രത്തിന്റെ കോപ്പി റൈറ്റ് ഈ ബ്ലോഗിനില്ല)


Sunday, February 27, 2011

ഗ്യാലക്സികള്‍

 ഗ്യാലക്സികളെ കുറിച്ചുള്ള പൊതുവായ ചില അറിവുകളാണ് ഈ ലേഖനത്തില്‍ വിവരിക്കുവാന്‍ പോകുന്നത്.  പരമാണുക്കള്‍ ചേര്‍ന്ന് ദ്രവ്യങ്ങള്‍ ഉണ്ടാകുന്നതു പോലെ അനേകായിരം നക്ഷത്രങ്ങളും പൊടി പടലങ്ങളും  വാതകങ്ങളും മനുഷ്യ നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയാത്ത പദാര്ധങ്ങളും ചേര്‍ന്ന ഒരു ഗുരുത്വകര്‍ഷിത വ്യവസ്ഥ ആണ് ഓരോ ഗ്യാലക്സിയും. പ്രപഞ്ചത്തിന്റെ അടിസ്ഥാന നിര്‍മാണ ഘടകമാണ് ഗ്യലക്സികള്‍ എന്ന് പറയാം. പ്രപഞ്ചത്തില്‍ ഏകദേശം 125 ബില്ല്യന്‍ ഗാലക്സികള്‍ ഉണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. എന്നാല്‍ ഇവയുടെ മുഴുവന്‍ volume പ്രപഞ്ചത്തിന്റെ ചെറിയൊരു  ശതമാനം മാത്രമേ വരൂ. ദ്രശ്യ പ്രകാശത്തിലൂടെ നോക്കുമ്പോള്‍ ഒരു സാധാരണം ഗാലക്സിയുടെ വ്യാസം ഏകദേശം  നാല്‍പ്പത് മുതല്‍ അറുപതു കിലോ പാര്‍ സെക് (kpc ) ആണ്. ഒരു കിലോ പാര്‍ സെക്  3.08e19 മീറ്റര്‍ ആണ്. എന്നാല്‍ ഗാലക്സികളുടെ അതിര്‍ത്തി അതിലും ഏറെ ദൂരം വ്യാപിച്ചു കിടക്കുന്നു. ഈ ഭാഗങ്ങള്‍ റേഡിയോ ദൂരദര്‍ശിനിയുടെയോ  എക്സ് റേ ദൂരദര്‍ശിനിയുടെയോ സഹായത്താല്‍ കാണുവാന്‍ കഴിഞ്ഞേക്കാം. ഒരു ഗാലക്സിയില്‍ നിന്നും വരുന്ന ദ്രശ്യ പ്രകാശത്തിന്റെ ഭൂരി ഭാഗവും സംഭാവന ചെയ്യുന്നത് അവയിലുള്ള നക്ഷത്രങ്ങളാണ്. നെബുലകള്‍ ആണ് മറ്റൊരു ഉറവിടം. ഗാലക്സികളില്‍ അടങ്ങിയിരിക്കുന്ന പിണ്ഡത്തിന്റെ ഭൂരിഭാഗവും നിലകൊള്ളുന്നത് ഡാര്‍ക്ക്‌ മാറ്റെറിന്റെ രൂപത്തിലാണ്. 

ഗാലക്സികളെ പ്രധാനമായും elliptical, spiral, irregular, active, dwarf, starbusrt എന്നിങ്ങനെ തരംതിരിക്കാം. ഈ തരംതിരിക്കല്‍ പ്രധാനമായും ഗാലക്സികളുടെ രൂപത്തെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ active , dwarf, starbusrt ഗാലക്സികള്‍ സാധാരണ ഗാലക്സികളില്‍ നിന്നും ഗുണപരമായും (ഉദാ: അവയുടെ നിറം, അവയിലെ നക്ഷത്ര ജനന തോത്  തുടങ്ങിയവ) )വ്യത്യാസപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ നിലവിലുള്ള രീതിയില്‍ ഗാള്‍ക്സികളെ വര്‍ഗീകരിച്ചത് എഡ്വാര്‍ഡ് ഹബിള്‍ എന്നാ അമേരിക്കന്‍ ശാസ്ത്രഞ്ജന്‍ ആണ്. അദ്ദേഹം രൂപം നല്‍കിയ വര്‍ഗീകരണ വ്യവസ്ഥ ചെറിയ മാറ്റങ്ങളോടെ ആധുനിക ജ്യോതിശാസ്ത്രം പിന്തുടരുന്നു. S0 എന്ന ഒരിനം ഗാള്‍ക്സികളെ ഉള്‍പ്പെടുത്തിയതാണ് ഈ വര്‍ഗീകരണ വ്യവസ്ഥയിലെ പ്രധാന മാറ്റം. ഹബിള്‍ വരിഗീകരണ വ്യവസ്ഥയുടെ ഒരു ചിത്രം താഴെ കാണിച്ചിരിക്കുന്നു.
ഈ ചിത്രത്തില്‍ വലതു വശത്തേക്ക് പോകുംതോറും ഗാലക്സികള്‍ കൂടുതല്‍ പരന്നതായി കൊണ്ടിരിക്കുന്നത് ശ്രദ്ധിക്കുക. ഹബിള്‍ തന്റെ വര്‍ഗീകരണ വ്യവസ്ഥക്ക് രൂപം നല്‍കിയത്, elliptical ഗാലക്സികള്‍ ആണ് ആദ്യം ഉണ്ടായതെന്നും, പിന്നീടു അവയുടെ angular momentum മൂലം അവ സാവധാനം തളിക (disk) രൂപത്തിലുള്ള spiral ഗാലക്സികളില്‍ എത്തി എന്ന സിദ്ധാന്തത്താല്‍   ആയിരുന്നു. അക്കാരണം കൊണ്ട് Elliptical, S0 എന്നീ ഗാലക്സികളെ ഒരുമിച്ച് early ടൈപ്പ് (ആദ്യം ഉണ്ടായത് എന്ന അര്‍ഥത്തില്‍) ഗാലക്സികള്‍ എന്നും spiral, irregular എന്നിവയെ late type (പിന്നീടു ഉണ്ടായവ) ഗാലക്സികള്‍ എന്നും വിളിക്കുന്നു. എന്നാല്‍ ആ സിദ്ധാന്തം ശരിയല്ലെന്ന് ആധുനിക നിരീക്ഷണങ്ങളിലൂടെ മനസിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഇപ്പോഴും early, late എന്നീ പ്രയോഗങ്ങള്‍ നിലനില്‍ക്കുന്നു. എന്നാല്‍ അവയുടെ അര്‍ഥം പുതിയത് എന്നും പഴയത് എന്നും മാറിയിട്ടുണ്ട്. ഓരോ തരം ഗാലക്സികളുടെ ഉല്‍പ്പത്തിയും പരിണാമവും സ്വഭാവവും വ്യത്യസ്തമാണ്.  അതിനെ കുറിച്ച അടുത്ത ലേഖനത്തില്‍ വിവരിക്കാം. ഹബിള്‍ ഗാലക്സികളുടെ വര്‍ഗീകരണത്തിന് അടിസ്ഥാനമാക്കിയ മൂന്ന് പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നവയാണ്.  1. ഗാലക്സികളുടെ ദീര്‍ഘ വൃത്താകൃതി 2. ഗാലക്സികളുടെ നടുവിലുള്ള ഉരുണ്ട ഭാഗവും (കേന്ദ്ര സ്ഥൌല്യം bulge) അവയുടെ തളിക ഭാഗവും (disk) തമ്മിലുള്ള ആനുപാതിക വലിപ്പം 3. അവയുടെ സര്‍പ്പിള കരങ്ങള്‍ (spiral arms) എത്ര മാത്രം ഇടുങ്ങിയതാണ് എന്നത്.   

1. Ellipticals
ഹബിളിന്റെ വര്‍ഗീകരണ വ്യവസ്ഥയിലെ ആദ്യ ഇനം ഗാലക്സികള്‍ ellipticals എന്നറിയപ്പെടുന്നു. ഇവ ഗോളാകൃതിയിലോ ദീര്‍ഘ വൃത്താകൃതിയിലോ കാണപ്പെടുന്നു (ചിത്രം 2 ). ഇവക്കു കേന്ദ്ര സ്ഥൌല്യം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇവയില്‍ സര്‍പ്പിള കരങ്ങള്‍ ഉണ്ടായിരിക്കുകയില്ല. ഇവ പല വലുപ്പത്തോടും  പ്രകാശ തീവ്രതയോടും കാണപ്പെടുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അവയെ കുള്ളന്‍ (dwarf), സാധാരണ (normal), cD എന്നിങ്ങനെ പ്രധാനമായും തരംതിരിക്കാം. ഇതില്‍ cD elliptical ഗാലക്സികളുടെ വലുപ്പം പത്തു ലക്ഷം പാര്‍ സെക് വരെ ആകാവുന്നതാണ്. കൂടാതെ cD ഗാലക്സികള്‍ പുറപ്പെടുവിക്കുന്ന പ്രകാശത്തിന്റെ അളവ് കുള്ളന്‍ ഗാലക്സികളില്‍ നിന്നും വരുന്നതിന്റെ ആറു ലക്ഷം ഇരട്ടിയോളവും, സാധാരണ elliptical ഗാലക്സികള്‍ പുറപ്പെടുവിക്കുന്ന പ്രകാശത്തിന്റെ പത്തു മുതല്‍ നൂറു ഇരട്ടി വരെയും ആകാവുന്നതാണ്. സാധാരണ elliptical ഗാലക്സികളുടെ പിണ്ഡം സൌര പിണ്ഡത്തിന്റെ കോടി മുതല്‍ പത്തു ലക്ഷം കോടി മടങ്ങ്‌ വരെ ആണ്. എന്നാല്‍ cD ഗാലക്സികളുടെ  പിണ്ഡം സൌര പിണ്ഡത്തിന്റെ പതിനായിരം കോടി മുതല്‍ കോടി കോടി മടങ്ങ്‌ വരെയാണ്. കുള്ളന്‍ ഗാലക്സികളില്‍ കോടി മുതല്‍ പത്തു കോടി സൂര്യന്മാര്‍ വരെ അടങ്ങിയിരിക്കുന്നു. അതായത് ഗാലക്സികളില്‍ നിന്നും വരുന്ന പ്രകാശത്തിന്റെ അളവും അവയുടെ പിണ്ഡവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. 
ഗാലക്സികളുടെ നടുവില്‍ നിന്നും പുറത്തേക്കു പോകുമ്പോള്‍ അവ പുറപ്പെടുവിക്കുന്ന പ്രകാശത്തിന്റെ അളവില്‍ വ്യതിയാനം സംഭവിക്കുന്നു. സാധാരണ elliptical ഗാലക്സികളിലും cD ഗാലക്സികളിലും ഈ വ്യതിയാനം സംഭവിക്കുന്നത് ഒരു പ്രത്യേക സൂത്ര വാക്യ പ്രകാരമാണെന്ന് ഡി വാക്കുളര്‍ എന്ന ഫ്രഞ്ച് ശാസ്ത്രഞ്ജന്‍ കണ്ടുപിടിച്ചു. ഇതിനെ ഇപ്പോള്‍ ഡി വാക്കുളര്‍ നിയമം എന്നറിയപ്പെടുന്നു. 

Elliptical ഗാലക്സികള്‍ പ്രധാനമായും പ്രായമേറിയ നക്ഷത്രങ്ങള്‍ കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ആയതിനാല്‍ ഇവക്കു ചുവന്ന നിറമാണ് ഉള്ളത്. ഇവയില്‍ അടങ്ങിയിരിക്കുന്ന വാതകങ്ങളുടെയും പൊടി പടലങ്ങളുടെയും അളവ് തീരെ കുറവായതിനാല്‍ elliptical ഗാലക്സികളില്‍ നക്ഷത്ര ജനന തോത് വളരെ കുറവായിരിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന neutral ഹൈഡ്രജന്‍ മുതലായ വാതകങ്ങളുടെ സാന്നിധ്യം എക്സ് റേ, റേഡിയോ തുടങ്ങിയ വികിരിനങ്ങളിലൂടെയാണ് കൂടുതലും വ്യക്തമാകുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങളുടെ അളവ് അവയുടെ മധ്യ ഭാഗത്തേക്ക്‌ പോകുംതോറും കൂടുന്നതായി കാണപ്പെടുന്നു.

Elliptical ഗാലക്സികളുടെ ദീര്‍ഘ വൃത്താകൃതിയെ അടിസ്ഥാനമാക്കി അവയെ E0, E1.. E7 എന്നിങ്ങനെ എട്ടായി തരംതിരിക്കാം. 0, 1, .. 7 തുടങ്ങിയ അക്കങ്ങള്‍ അവയുടെ ദീര്‍ഘ വൃത്താകൃതിയെ സൂചിപ്പിക്കുന്നു. ആയതിനാല്‍ E0 ഗാലക്സികള്‍ E1 ഗാലക്സികളെ അപേക്ഷിച് കൂടുതല്‍ ഉരുണ്ടാതായിരിക്കും. E7 ഗാലക്സികള്‍ ആണ് ഈ ഗണത്തില്‍ ഏറ്റവും പരന്നവ.  പ്രകാശ തീവ്രത കുറഞ്ഞ ചില elliptical ഗാലക്സികളുടെ പരന്ന രൂപത്തിന് കാരണം അവയുടെ പരിക്രമണം മൂലമാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രകാശ തീവ്രതയേറിയ elliptical ഗാലക്സികളുടെ പരന്ന രൂപത്തെ വിശധീകരിക്കുവാന്‍ സങ്കീരണങ്ങളായ  ഗണിത പ്രക്രീയകള്‍ ആവശ്യമാണ്‌.

ചിത്രം 2

2. സര്‍പ്പിളാകാര ഗ്യാലക്സികള്‍ (Spiral galaxies)
സര്‍പ്പിള കരങ്ങളോട്  കൂടി കാണപ്പെടുന്ന തകിട് (disk) ഗ്യാലക്സികള്‍ ആണിവ (ചിത്രം 3 ).  നമ്മുടെ ഗ്യാലക്സിയായ ആകാശ ഗംഗ ഈ ഗണത്തില്‍പ്പെടുന്നു. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ നക്ഷത്രങ്ങള്‍ ജനിക്കുന്നത് ഇത്തരം ഗ്യാലക്സികളിലാണ്. സര്‍പ്പിളാകാര ഗ്യാലക്സികള്‍  പ്രധാനമായും ദണ്ട്കളോട്  (barred spirals) കൂടിയവയായും അവ ഇല്ലാത്തവയും കാണപ്പെടുന്നു (ചിത്രം 4 ). ഗ്യാലക്സികളുടെ മധ്യ ഭാഗത്ത്‌ കൂടെ കുറുകെ കാണപ്പെടുന്ന നക്ഷത്രങ്ങളുടെ കൂട്ടത്തെയാണ് ദണ്ടുകള്‍ എന്നറിയപ്പെടുന്നത്. സര്‍പ്പിളാകാര ഗ്യാലക്സികളുടെ കേന്ദ്ര സ്ഥൌല്യ (bulge) ത്തിന്റെ വലുപ്പം, സര്‍പ്പിളാകാര കരങ്ങള്‍ (spiral arms) എത്ര മാത്രം ഇടുങ്ങിയതാണ് എന്നിവയെ അടിസ്ഥാനമാക്കി സര്‍പ്പിളാകാര ഗ്യാലക്സികളെ വീണ്ടും Sa, Sb, Sc, Sd എന്നും SBa, SBb, SBc, SBd എന്നും തരം തിരിക്കാം. ഇവയില്‍ Sa ഗ്യാലക്സികള്‍ ദണ്ടുകള്‍ ഇല്ലാത്തവയും, വലുപ്പം കൂടിയ കേന്ദ്ര സ്ഥൌല്യം ഉള്ളവയും, സര്‍പ്പിളാകാര കരങ്ങള്‍ കൂടുതല്‍ ഇടുങ്ങിയവയും ആയിരിക്കും. SBa ഗ്യാലക്സികളെ കുറുകെ ദണ്ട് കാണുമെന്നത് ഒഴിച്ചാല്‍ അവ Sa ഗ്യാലക്സികളില്‍ നിന്നും വിഭിന്നമല്ല. Sa(SBa) ഗ്യാലക്സികളില്‍ നിന്നും Sd(SBd) ഗ്യാലക്സികളിലെക്ക് പോകുമ്പോള്‍ അവയുടെ സര്‍പ്പിള കരങ്ങള്‍ ഇടുങ്ങിയത്  അല്ലാതായി മാറുന്നു. കൂടാതെ അവയുടെ കേന്ദ്ര സ്ഥൌല്യം വലുപ്പം കുറഞ്ഞു പോയ്ക്കൊണ്ടിരിക്കുകയും ചെയ്യും. Sa(SBa) ഗ്യാലക്സികളിലെ നക്ഷത്ര ജനന തോത്  Sd(SBd) ഗ്യാലക്സികളെ അപേക്ഷിച്ച് വളരെ കുറവാണ്.
ചിത്രം 3

ചിത്രം 4

സര്‍പ്പിളാകാര ഗ്യാലക്സികളുടെ പ്രകാശ തീവ്രതയും അവയുടെ പിണ്ഡവും elliptical ഗ്യാലക്സികളെ അപേക്ഷിച്ചു വളരെ കുറവാണ്. അവയുടെ പിണ്ഡം സൂര്യ പിണ്ഡത്തിന്റെ ഏകദേശം പത്തു മുതല്‍ പതിനായിരം കോടി വരെയാകാം. സര്‍പ്പിളാകാര ഗ്യാലക്സികളുടെ എഴുപത് ശതമാനവും ദണ്ടുകളോട് കൂടിയവയാണ്. ഈ പ്രത്യക ഘടന ഗ്യാലക്സികളുടെ രൂപ പരിണാമത്തില്‍ പ്രധാന പങ്കു വഹിക്കുന്നു. ദണ്ടുകള്‍ ഗ്യാലക്സികളുടെ നടുവിലേക്ക് വാതകങ്ങളെ ഒഴുക്കി കൊണ്ട് വരുകയും, അത് പുതിയ നക്ഷത്രങ്ങളുടെ രൂപീകരണത്തിന് ഇടയാക്കുകയും ചെയ്യുന്നു. തത്ഫലമായി ഗ്യാലക്സികളുടെ കേന്ദ്ര സ്ഥൌല്യം വലുതാകുകയും അങ്ങനെ അവയുടെ രൂപത്തില്‍ മാറ്റം വരുകയും ചെയ്യും. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി ദണ്ടുകള്‍ സ്വയം നശിച്ചു പോകുകയും വീണ്ടും ഉദ്ഭവിക്കുകയും ചെയ്യാം.

Elliptical ഗ്യാലക്സികളിലെ നക്ഷത്രങ്ങള്‍ ഭൂരിഭാഗവും വളരെ പ്രായമുള്ളതാണ്  എങ്കില്‍ സര്‍പ്പിളാകാര ഗ്യാലക്സികളില്‍ അവ താരതമേന്യ ചെറുപ്പം ആയിരിക്കും. സര്‍പ്പിളാകാര ഗ്യാലക്സികളില്‍ അടങ്ങിയിരിക്കുന്ന വാതകങ്ങളുടെ അളവ് വളരെ കൂടുതലാണ്, പ്രധാനമായും സര്‍പ്പിള കരങ്ങളില്‍. അത്തരം അവസ്ഥകള്‍ ആണു പുതിയ നക്ഷത്രങ്ങള്‍ ഉണ്ടാകുവാന്‍ പ്രധാന പങ്കു  വഹിക്കുന്നത്. തന്മൂലം സര്‍പ്പിള കരങ്ങളില്‍ കൂടുതല്‍ നക്ഷത്രങ്ങള്‍ ഉണ്ടാകുകയും അവ വളരെ കൂടുതല്‍ പ്രകാശ തീവ്രതയോടു കൂടി കാണപ്പെടുകയും ചെയ്യും. പുതിയ നക്ഷത്രങ്ങളുടെ ഊഷ്മാവ് വളരെ കൂടുതലായതിനാല്‍ സര്‍പ്പിള കരങ്ങള്‍ കൂടുതല്‍ നീല നിറത്തില്‍ കാണപ്പെടുന്നു. സര്‍പ്പിളാകാര ഗ്യാലക്സികളിലെ പഴയ നക്ഷത്രങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത് അവയുടെ കേന്ദ്ര സ്ഥുല്യതിലും തളികയുടെ ചുറ്റിലും ആയിരിക്കും. അവയുടെ വേഗത പുതിയ നക്ഷത്രങ്ങളെ അപേക്ഷിച്ച് വളരെ കൂടുതല്‍ ആയിരിക്കും. Eggen O. J., Lynden-Bell, Sandage A.R. എന്നീ ശാസ്ത്രഞ്ജര്‍ 1962 ല്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായത് ഇവയുടെ വേഗത ഗ്യാലക്സികളുടെ ഉല്‍പ്പത്തിയുമായി  ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്.  നക്ഷത്രങ്ങളുടെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഗ്യാലക്സികളുടെ തകിട് പോലുള്ള ഭാഗം (disk) പല അടുക്കുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും ഉള്ളിലുള്ള തകിടിലാണ് കൂടുതല്‍ വാതകങ്ങളും പൊടി പടലങ്ങളും അടങ്ങിയിരിക്കുന്നത്. ഈ തകിടിനിനെ കൃശ ചക്രം (thin disk) എന്നറിയപ്പെടുന്നു. ഈ ഭാഗത്താണ് ഏറ്റവും കൂടുതല്‍ നക്ഷത്രങ്ങള്‍ ഉണ്ടാകുന്നത്. ഗ്യാലക്സിയുടെ തകിടിന്റെ ഏറ്റവും പുറത്തുള്ള പാളിയെ സ്ഥൂല ചക്രം (thick disk)  എന്നറിയപ്പെടുന്നു. അവ കൂടുതലായും നിര്‍മിക്കപ്പെട്ടിരിക്കുന്നത് പഴയ നക്ഷത്രങ്ങള്‍ കൊണ്ടാണ്.  കൃശ ചക്രം ഗ്യാലക്സികളുടെ പ്രതലത്തില്‍ നിന്നും നൂറു മുതല്‍ 350 പാര്‍ സെക് വരെയും സ്ഥൂല ചക്രം 1500 പാര്‍ സെക് വരെയും വ്യാപിച്ചു കിടക്കുന്നു. സര്‍പ്പിളാകാര ഗ്യാലക്സിയുടെ ഒരു ചിത്രം താഴെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.


ആകാശ ഗംഗയുടെ സ്ഥൂല ചക്രത്തിന്റെ ഭാരം സൂര്യന്റെ ഭാരത്തിന്റെ പത്തു കോടി മടങ്ങില്‍ അധികമാണ്. കൃശ ചക്രത്തിന്റെ ഭാരം അതിനെക്കാള്‍ പതിനഞ്ചു മുതല്‍ മുപ്പത് ഇരട്ടി വരെയും, കേന്ദ്ര സ്ഥുല്യതിന്റെ ഭാരം രണ്ടു മുതല്‍ അഞ്ച് ഇരട്ടി വരെയുമാണ്. കൃശ ചക്രത്തില്‍ നിന്നും വരുന്ന പ്രകാശത്തിന്റെ അളവ് സ്ഥൂല ചക്രത്തെക്കാള്‍ തൊണ്ണൂറു ഇരട്ടിയിലധികവും, കേന്ദ്ര സ്ഥുല്യത്തില്‍ നിന്നും വരുന്ന പ്രകാശത്തിന്റെ അളവിനേക്കാള്‍ ആറ് ഇരട്ടിയുമാണ്.

സര്‍പ്പിളാകാര ഗ്യാലക്സികളുടെ മറ്റൊരു സവിശേഷതയാണ് കേന്ദ്രത്തെ അടിസ്ഥാനമാക്കിയുള്ള അവയുടെ ഭ്രമണം. ഇവിടെ ഭ്രമണം എന്നു ഉദ്ദേശിക്കുന്നത് അവയില്‍ അടങ്ങിയിരിക്കുന്ന നക്ഷത്രങ്ങളുടെയും പൊടി പടലങ്ങളുടെയും ഗ്യാലക്സിയുടെ കേന്ദ്രത്തെ ചുറ്റി സഞ്ചരിക്കുന്നതിനെ ആണു. ഗ്യാലക്സികളുടെ കേന്ദ്രത്തില്‍ നിന്നും ദൂരെ സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങള്‍ കേന്ദ്രത്തിനോട് അടുത്ത് നില്‍ക്കുന്നവയെക്കള്‍ വളരെ വേഗത്തില്‍ ഭ്രമണം ചെയ്യുന്നു. ഈ പ്രതിഭാസത്തെ വ്യവകലിത ഭ്രമണം (differential rotation) എന്നു വിളിക്കുന്നു. സര്‍പ്പിളാകാര ഗ്യാലക്സികളുടെ സര്‍പ്പിള കരങ്ങള്‍ക്ക് കാരണം വ്യവകലിത ഭ്രമണം ആണെന്ന്‌ കരുതപ്പെട്ടിരുന്നു. എന്നാല്‍ അത് പൂര്‍ണമായും ശരിയല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. സര്‍പ്പിള കരങ്ങളുടെ ഉത്ഭവത്തെ കുറിച്ച് മറ്റൊരു പോസിറ്റില്‍ വിശദമാക്കാം. ഗ്യാലക്സിയില്‍ സ്ഥിതി ചെയ്യുന്ന നക്ഷത്രത്തിന്റെ ഭ്രമണ പ്രവേഗം (orbital velocity) അതിന്റെ ഭ്രമണ പഥത്തിനുള്ളില്‍ അടങ്ങിയിരിക്കുന്ന പിണ്ടത്തെ ആശ്രയിച്ചിരിക്കുന്നു. അതായത് ഭ്രമണ പഥത്തിന്റെ വ്യാസം കൂടും തോറും, അത് ഉള്‍ക്കൊള്ളുന്ന പിണ്ഡം വര്‍ദ്ധിക്കുകയും നക്ഷത്രത്തിന്റെ പ്രവേഗത്തില്‍ വര്‍ധന ഉണ്ടാകുകയും ചെയ്യുന്നു. അത് കൊണ്ട് ഗ്യാലക്സിയുടെ കാണുവാന്‍ കഴിയുന്ന ഭാഗത്തില്‍ നിന്നും അകലേക്ക്‌ പോകും തോറും അത് ഉള്‍ക്കൊള്ളുന്ന പിണ്ടത്തിന്റെ അളവ് സ്ഥിരമായതിനാല്‍ വളരെ ദൂരത്തില്‍ നില്‍ക്കുന്ന നക്ഷത്രങ്ങളുടെ പ്രവേഗത്തില്‍ കുറവ് വരുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഗ്യലക്സികളുടെ ദൃശ്യമായ അതിര്‍ത്തിയില്‍ നിന്നും അകലേക്ക്‌ പോകുമ്പോള്‍ ഭ്രമണ പ്രവേഗം സ്ഥിരമായി നിലനില്‍ക്കുന്നു എന്നു പല നിരീക്ഷണങ്ങളിലൂടെയും വെളിപ്പെട്ടു. അതായത് ദൃശ്യ പ്രകാശത്താല്‍ കാണുവാന്‍ സാധിക്കാത്ത പദ്ധര്‍ദങ്ങള്‍ ഗ്യാലക്സിയെ ചുറ്റി നില്‍ക്കുന്നതായി അനുമാനിക്കപ്പെട്ടു. അത്തരം പദ്ധര്ധങ്ങളെ ഡാര്‍ക്ക്‌ മാറ്റര്‍ എന്നു വിളിക്കുന്നു.

സര്‍പ്പിളാകാര ഗ്യാലക്സികളുടെ ഭ്രമണം അവയുടെ പ്രകാശ തീവ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടുതല്‍ പ്രകശം പുറപ്പെടുവിക്കുന്ന സര്‍പ്പിളാകാര ഗ്യാലക്സികള്‍ കൂടുതല്‍ വേഗത്തില്‍ കറങ്ങുന്നു. ഇതിനെ Tully-Fisher relationship എന്നാണു അറിയപ്പെടുന്നത്. ജ്യോതി ശാസ്ത്രത്തില്‍ ഇതിനു വളരെയധികം പ്രാധാന്യമുണ്ട്. സര്‍പ്പിളാകാര ഗ്യാലക്സികളിലെക്കുള്ള ദൂരം അളക്കാന്‍ നമുക്ക് ഇതിനെ ഉപയോഗപ്പെടുത്താം. ജ്യോതി ശാസ്ത്രത്തില്‍ ദൂരം  അളക്കുന്ന വഴികളെ കുറിച്ച് പിന്നീടു വ്യക്തമാക്കാം.

3. S0 ഗ്യാലക്സികള്‍
തരംതിരിക്കല്‍ വ്യവസ്ഥയില്‍ elliptical ഗ്യാലക്സികള്‍ക്കും സര്‍പ്പിളാകാര ഗ്യാലക്സികള്‍ക്കും ഇടയില്‍ ആണു S0 ഗ്യാലക്സികളുടെ സ്ഥാനം (ചിത്രം 6). ഹബിളിന്റെ തരം തിരിക്കല്‍ വ്യവസ്ഥയില്‍ വന്ന പ്രധാന മാറ്റം S0 ഗ്യാലക്സികള്‍ ചേര്‍ക്കപ്പെട്ടു എന്നുള്ളതാണ്. S0 ഗ്യാലക്സികളെ lenticular ഗ്യാലക്സികള്‍ എന്നും അറിയപ്പെടുന്നു. ഇവക്കു സര്‍പ്പിളാകാര ഗ്യാലക്സികളെ പോലെ കേന്ദ്ര സ്ഥുല്യവും അതിനു ചുറ്റും തളിക ഭാഗവും ഉണ്ട്‌. എന്നാല്‍ ഇവയില്‍ സര്‍പ്പിള കരങ്ങള്‍ കാണപ്പെടുന്നില്ല. കൂടാതെ അവയുടെ കേന്ദ്ര സ്ഥുല്യതിന്റെ വലുപ്പം സര്‍പ്പിളാകാര ഗ്യാലക്സികളെ അപേക്ഷിച്ച് വലുപ്പം ഉള്ളതുമാണ്. ഈ കാരണങ്ങളാല്‍ S0 ഗ്യാലക്സികള്‍ സര്‍പ്പിളാകാര ഗ്യാലക്സികളില്‍ നിന്നും elliptical ഗ്യാലക്സികളിലെക്കുള്ള പരിണാമ വ്യവസ്ഥയായി വിശ്വസിക്കപ്പെടുന്നു. സര്‍പ്പിളാകാര ഗ്യാലക്സികളെ പോലെ S0 ഗ്യാലക്സികളെയും ദണ്ടുകള്‍ ഉള്ളവയെന്നു ഇല്ലതവയെന്നും തിരിച്ചിട്ടുണ്ട്.
ചിത്രം 6

4. അനിയമിതാകാര ഗ്യാലക്സികള്‍ (Irregular galaxies)
ഈ വിഭാഗത്തില്‍ പെടുന്ന ഗ്യാലക്സികള്‍ക്ക് പ്രത്യേക ആകൃതി ഉണ്ടായിരിക്കുകയില്ല. ആകാശ ഗംഗയുടെ അമ്പതു കിലോ പാര്‍ സെക് ദൂരെ സ്ഥിതി ചെയ്യുന്ന വലിയ മെഗല്ലനിക് ഘനപടലങ്ങള്‍ (Large Megellanic ക്ലൌട്സ്, ചിത്രം 7 ), അറുപത്തി  മൂന്ന് കിലോ പാര്‍ സെക്  ദൂരെയുള്ള ചെറിയ മെഗല്ലനിക് ഘനപടലങ്ങള്‍ (Small Megellanic clouds) എന്നീ ഗ്യാലക്സികള്‍ ഈ വിഭാഗതില്‍പ്പെടുന്നവയാണ്. ഇവയെ വീണ്ടും Sdm, Sm, Im, Ir എന്നിങ്ങനെ അവയുടെ നിയതാകാരം കുറയുന്നതിന് അനുസരിച്ച് വീണ്ടും തരംതിരിച്ചിട്ടുണ്ട്. ഇവ elliptical സര്‍പ്പിളാകാര ഗ്യാലക്സികള്‍ എന്നിവയെ അപേക്ഷിച്ച് പ്രകാശ തീവ്രതയും പിണ്ഡവും കുറഞ്ഞവയാണ്. എന്നാല്‍ അവയില്‍ അടങ്ങിയിരിക്കുന്ന വാതകത്തിന്റെ അളവ് വളരെ കൂടുതലായതിനാല്‍ അവയില്‍ നക്ഷത്ര ജനന തോത് വളരെ കൂടുതലാണ്.
ചിത്രം 7

മുകളില്‍ വിവരിച്ചിട്ടുള്ള ഗ്യാലക്സികളെ എല്ലാം തന്നെ വര്‍ഗീകരിച്ചിട്ടുള്ളത് അവയുടെ രൂപത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഗ്യാലക്സികള്‍ അവയുടെ ഭൌതിക സ്വഭാവത്താലും വ്യത്യാസപ്പെട്ടിരിക്കുന്നു. അത്തരം ഗ്യാലക്സികളെ കുറിച്ച് മറ്റൊരു പോസ്റ്റില്‍ വിശദീകരിക്കാം.

Sunday, October 24, 2010

ഡാര്‍ക്ക്‌ മാറ്റര്‍

വര്‍ത്തമാന കാലത്ത് ഭൌധിക ശാസ്ത്രവുമായി ബന്ധപ്പെട്ടു പൊതു ജനങ്ങളുടെയിടല്‍ കൂടുതല്‍ പ്രശസ്തമായ ഒന്നാണ് ഡാര്‍ക്ക്‌ മാറ്റര്‍. എന്നാല്‍ ഡാര്‍ക്ക്‌ മാറ്റര്‍ എന്താണു എന്നതില്‍ പോതുജനങ്ങല്‍ക്കുള്ളത് പോലെ ഗവേഷകര്‍ക്കിടയിലും ഇപ്പോഴും അവെക്തത നില നില്‍ക്കുന്നുണ്ട്. എങ്കിലും ഡാര്‍ക്ക്‌ മറ്റെരിന്റെ സ്വഭാവത്തെ കുറിച്ച് ഏകദേശ ധാരണ ഉണ്ടാക്കി എടുക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിട്ടുണ്ട്. ജ്യോതി ശാസ്ത്രത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് മറ്റൊരു പോസ്റ്റില്‍ വിവരിചിരുന്നുവല്ലോ. അത്തരം സങ്കീര്‍ണങ്ങളായ പരീക്ഷണങ്ങള്‍ നടത്തുന്നതിന് പകരം ഗവേഷകര്‍ കമ്പ്യുട്ടറുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ (computer simulations ) വഴി പ്രധാനപെട്ട പല വിവരങ്ങളും നേടിയെടുക്കും. കമ്പ്യൂട്ടര്‍ പരീക്ഷണങ്ങളെ കുറിച്ച് മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കാം. ഡാര്‍ക്ക്‌ മാറ്റെറിന്റെ സ്വഭാവങ്ങള്‍ മനസിലാക്കുന്നതിനു കമ്പ്യൂട്ടര്‍ സിമുലറേന്‍സ് സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌.


എന്താണു ഡാര്‍ക്ക്‌ മാറ്റര്‍ എന്നു ചിന്തിക്കുന്നതിനു മുന്‍പ് എന്താണു മാറ്റര്‍ എന്നും നോക്കാം. നമുക്ക് ചുറ്റും കാണുന്നതും നമ്മളെയും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്  പ്രോടോണ്‍, നുട്രോന്‍, ഇലെക്ട്രോണ്‍ എന്നി ചില കണങ്ങളാല്‍ ആണു. അത്തരം പിണ്ടങ്ങളെ ബാര്യോനിക് മാറ്റര്‍ (baryonic  matter ) എന്നറിയപ്പെടുന്നു. ഈ വസ്തുക്കള്‍ പ്രകാശത്തെ പുറപ്പെടുവിക്കുകയോ അല്ലെങ്കില്‍ അവയില്‍ പതിക്കുന്ന പ്രകാശത്തെ പ്രതിഭലിപ്പിക്കുകയോ ചെയ്യുന്നവയാണ്. ഇലെക്ട്രോനിന്റെ ത്വരണം മൂലം അവ പ്രകാശത്തെ പുറപ്പെടുവിക്കുന്നത് ഓര്‍ക്കുക. എന്നാല്‍ പ്രപഞ്ചത്തിലെ എല്ലാ തരം ബാര്യോനിക് മറ്റെരിനെയും നമുക്ക് കാണുവാന്‍ കഴിയില്ല. കാരണം ചില വസ്തുക്കളില്‍ നിന്നും വരുന്ന (അവ പുറപ്പെടുവിക്കുന്നതോ അല്ലെങ്കില്‍ പ്രതിഫലിപ്പിക്കുന്നതോ ആയ) പ്രകാശത്തിന്റെ അളവ് വളരെ കുറവായതിനാല്‍ അവയ്ക്ക് ഭൂമിയില്‍ തീവ്രത കുറവായിരിക്കും. അത്തരം, പ്രകാശം പുറപ്പെടുവിക്കുന്നതും നമുക്ക് കാണുവാന്‍ സാധിക്കതതുമായ, പിണ്ടങ്ങളെ ബാര്യോനിക് ഡാര്‍ക്ക്‌ മാറ്റര്‍ എന്നറിയപ്പെടുന്നു.  ഉധാഹരണത്തിന്, ഏകദേശം അഞ്ചു വര്‍ഷം മുന്‍പ് വരെ സൌരയൂദത്തിനു പുറത്തുള്ള ഗ്രഹങ്ങളേക്കുറിച്ച് നമുക്ക് അറിവുണ്ടായിരുന്നില്ല. അവയില്‍ നിന്നും വരുന്ന പ്രകാശത്തിന്റെ അളവ് അവ ചുറ്റി സഞ്ചരിക്കുന്ന നക്ഷത്രങ്ങളുടെ പ്രകാശത്തിന്റെ വളെരെ ചെറിയൊരംശം ആയതു കൊണ്ട് അവയെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. ഇത്തരം അഞ്ജാത ഗ്രഹങ്ങളും ഉപഗ്രഹങ്ങളും എല്ലാം ബാര്യോനിക് ഡാര്‍ക്ക്‌ മാറ്റര്‍ എന്ന വിഭാഗത്തില്‍ പെടും. അവ നിലനില്‍ക്കുന്നു എന്നു നമുക്കറിയാം പക്ഷെ കാണുവാന്‍ സാധിക്കുന്നില്ല.

ബര്യോനുകളാല്‍ നിര്‍മ്മിക്കപ്പെടാത്ത പിണ്ടങ്ങളെ പൊതുവില്‍ നോണ്‍ ബാര്യോനിക് ഡാര്‍ക്ക്‌ മാറ്റര്‍ എന്നു അറിയപ്പെടുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഡാര്‍ക്ക്‌ മാറ്റര്‍ 'ഇരുണ്ട പിണ്ഡം' ആണു. ഭൌതിക ശാസ്ത്രത്തില്‍ ഇരുണ്ട വസ്തുക്കള്‍ അതില്‍ പതിക്കുന്ന എല്ലാ പ്രകാശ കണങ്ങളെയും  ആഗീകരണം ചെയ്യുകയോ അല്ലെകില്‍ പ്രകാശത്തെ പുറപ്പെടുവിക്കതിരിക്കുകയോ ചെയ്യും.  ബാര്യോനിക് ഡാര്‍ക്ക്‌ മറ്റെരിന്റെ അളവ്  നോണ്‍ ബാര്യോനിക് മാറ്റരുമായി തട്ടിച്ചു നോക്കുമ്പോള്‍ തുലോം കുറവാണു. ഇനി ഡാര്‍ക്ക്‌ മാറ്റര്‍ എന്നു ഉദ്ദേശിക്കുന്നത് നോണ്‍ ബാര്യോനിക് ഡാര്‍ക്ക്‌ മറ്റെരിനെ ആണു.

പ്രധാനമായും മൂന്ന് സംശയങ്ങള്‍ ഇതു വായിക്കുന്നവര്‍ക്ക് ഉണ്ടാകും. 1 . പ്രകാശം പുറപ്പെടുവിക്കാത്ത, പ്രകാശത്തെ പ്രതിഫലിപ്പിക്കാത്ത ഒരു വസ്തുവ്ന്റെ നിലനില്‍പ്പ്‌ എങ്ങനെ സ്ഥാപിക്കാം? 2 . ഡാര്‍ക്ക്‌ മാറ്റര്‍ എന്തു തരം അടിസ്ഥാന കണങ്ങളാല്‍ ആണു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്? 3 . പ്രകാശം പുറപ്പെടുവിക്കുന്ന ഒരു വസ്തുവിന് അഭിമുഖമായി ഡാര്‍ക്ക്‌ മാറ്റര്‍ വന്നാല്‍ അവയെ കാണുവാന്‍ സാധിക്കുമോ?

 ഡാര്‍ക്ക്‌ മാറ്റെറിന്റെ തെളിവ് ലഭിച്ചത് അവയുടെ സ്വാധീനം മൂലം മറ്റു വസ്തുക്കളുടെ ചലനത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളില്‍ നിന്നുമാണ്.  പിണ്ഡം അതിന്റെ ഏതാവസ്ഥയില്‍ ആയിരുന്നാലും അവ മറ്റുള്ള വസ്തുക്കളെ ഗുരുത്വകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കുന്നു. ഒരു ഉദാഹരണമെടുക്കം. ഭൂമി സൂര്യനെ ചുറ്റി കറങ്ങുന്നത് അവ തമ്മിലുള്ള ഗുരുത്വകര്‍ഷണ ബലത്താല്‍ ആണെന്ന്‌ നമുക്കറിയാം. അതായത് ഭൂമിയുടെ സഞ്ചാര പദം നിര്‍ണ്ണയിക്കുന്നത് സൂര്യന്റെയും ഭൂമിയുടെയും പിണ്ടങ്ങള്‍ ആണു (മറ്റു ഗ്രഹങ്ങളുടെ സ്വാധീനം ഇപ്പോള്‍ വിവരിക്കുന്നില്ല). ഇനി സൂര്യന്‍ പ്രകാശം തീരെ പുറപ്പെടുവിക്കുന്നില്ല (ഡാര്‍ക്ക്‌ മാറ്റര്‍ ആണെന്ന്) എന്നു കരുതുക.  അപ്പോഴും ഭൂമിയുടെ സഞ്ചാര പദത്തില്‍ വ്യതിയാനം സംഭവിക്കില്ല. അതായത് ഭൂയുടെ ഗതിയെ നിര്‍ണ്ണയിക്കുന്നതില്‍ ജ്യോലിക്കുന്ന സൂര്യനും ജ്യോലിക്കാത്ത സൂര്യനും ചെലുത്തുന്ന സ്വാധീനം ഒരു പോലെ ആയിരിക്കും.

ക്ലുസ്റെര്സ് ഓഫ് ഗാലക്സികളെ കുറിച്ച് മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നുവല്ലോ.  അവയുടെ പ്രകാശം അളന്നതില്‍ നിന്നും അവയില്‍ ഏകദേശം പത്തു ലക്ഷം കോടി സൂര്യന്മാര്‍ അടങ്ങിയിരിക്കും എന്നും സൂചിപിച്ചു. അതായത് അവയുടെ പിണ്ഡം സൂര്യന്റെ പത്തു ലക്ഷം കോടി  മടങ്ങായി നമുക്ക് നിശ്ചയിക്കാം.  ഗുരുത്വകര്‍ഷനത്താല്‍ കൂടി ചേര്‍ന്നിരിക്കുന്ന (gravitationally bound ) ക്ലുസ്റെര്സിന്റെ പിണ്ഡം കണ്ടു പിടിക്കുവാന്‍ അതില്‍ അടങ്ങിയിരിക്കുന്ന ഗാലക്സികളുടെ പ്രവേഗങ്ങള്‍ അളക്കുന്നതിലൂടെ സാധ്യമാകും. ഇതിനെ വിരിയല്‍ സിദ്ധാന്തം (virial  theorem ) എന്നറിയപ്പെടുന്നു. വിരിയല്‍ സിദ്ധാന്തം ഉപയോഗിച്ചു ക്ലുസ്റെരിന്റെ പിണ്ഡം കണ്ടുപിടിക്കാന്‍ ആദ്യമായി ശ്രേമിച്ചത്  സ്വിക്കി (Swicky , 1930 ) എന്ന ശാസ്ത്രഞ്ജന്‍ ആണു. അദ്ധേഹത്തിന്റെ കണക്കുകൂട്ടല്‍ പ്രകാരം പത്ത് ലക്ഷം സൂര്യ പിണ്ഡം ക്ലുസ്റെരിന്റെ മൊത്തം പിണ്ഡത്തിന്റെ വെറും പത്ത് ശതമാനം മാത്രമേ ഉള്ളൂ എന്നു മനസിലാക്കി. അതായത് ക്ലുസ്റെരിന്റെ തൊണ്ണൂറു ശതമാനം പിണ്ഡവും നക്ഷത്രങ്ങളില്‍ അല്ല കേന്ദ്രീകരിച്ചിരിക്കുന്നത്. ആദ്യ കാലത്ത് ഈ പ്രശ്നത്തെ 'നഷ്ട പിണ്ട പ്രശ്നം' (മിസ്സിംഗ്‌ മാസ്സ് പ്രോബ്ലം) എന്നു വിളിച്ചു.

ബാക്കി ഉള്ള പിണ്ഡം നക്ഷത്രങ്ങളില്‍ അല്ല എങ്കില്‍ അവ നക്ഷത്രാന്തരീയ സ്ഥലങ്ങളിലോ അല്ലെങ്കില്‍ ഗലക്സികല്‍ക്കിടയിലുള്ള സ്ഥലങ്ങളിലോ  ആയിരിക്കാം എന്നും അവ ദൃശ്യ പ്രകാശത്തെകാള്‍ കൂടുതല്‍ മറ്റു തരംഗ ദൈര്‍ക്യങ്ങളില്‍ പ്രകാശം പുറപ്പെടുവിക്കുവാന്‍ ഉള്ള സാധ്യതയും  മനസിലാക്കി റേഡിയോ, എക്സ് റേ തുടങ്ങിയ വര്‍ണ്ണ വീചികളില്‍ ക്ലുസ്റെര്സിനെ നിരീക്ഷിക്കുവാന്‍ ആരംഭിച്ചു. അവയുടെ ഫലമായി ക്ലുസ്റെരില്‍ നിന്നും വലിയ തോതില്‍ എക്സ് റെ ഉണ്ടാകുന്നെന്നും അവയുടെ ഉത്ഭവം ഗാലക്സികളുടെ ഇടയിലുള്ള ചൂടുള്ള വായുവാണ് എന്നും കണ്ടെത്തി. എന്നാല്‍ ഇതിനു വലിയ തോതില്‍ 'നഷ്ട പിണ്ട പ്രശ്നത്തിന്' ഉത്തരം നല്‍കുവാന്‍ കഴിഞ്ഞിരുന്നില്ല. വൈദ്യുത കാന്തിക തരംഗങ്ങളിലെ മനുഷ്യന് സാങ്കേതികമായി എത്തിപെടാന്‍ കഴിയുന്ന എല്ലാ തരംഗ ദൈര്ഖ്യങ്ങളിലൂടെയും അന്വേഷിച്ചിട്ടും ബാക്കി ഉള്ള പിണ്ടത്തിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. അക്കാരണത്താല്‍ മനുഷ്യ നിര്‍മ്മിതമായ യന്ത്രങ്ങള്‍ക്കു അളക്കുവാന്‍ കഴിയുന്നതില്‍ കൂടുതല്‍ ഊര്‍ജ്യം ഉള്ള (വേഗത്തില്‍ സഞ്ചരിക്കുന്ന) കണങ്ങള്‍ ആയോ ആല്ലെങ്കില്‍ പ്രകാശം പുറപ്പെടുവിക്കുവാന്‍ കഴിയാത്ത കണങ്ങള്‍ ആയോ (സാവതാനം സഞ്ചരിക്കുന്നവ)  പിണ്ഡം നിലനില്‍ക്കുന്നു എന്നു അനുമാനിച്ചു. മറ്റു പല കാരണങ്ങളാലും (മറ്റൊരു പോസ്റ്റില്‍ കൊസ്മോലോജിയെ  (cosmology ) കുറിച്ച് വിവരിക്കുമ്പോള്‍ ഇതിനെ കുറിച്ച് വിശദമാക്കാം) രണ്ടാമത്തെ തരം കണങ്ങളാണ്‌ ഡാര്‍ക്ക്‌ മാറ്റര്‍ എന്നു ഇപ്പോള്‍ അനുമാനിക്കപ്പെടുന്നത്.

ഡാര്‍ക്ക്‌ മറ്റെരിന്റെ സാന്നിധ്യത്തെ കുറിച്ച്  ഗാലക്സി ക്ലുസ്റെര്സില്‍ ഗാലക്സികളുടെ ചലനങ്ങളില്‍ നിന്നും മനസിലാക്കാം എന്നു വിവരിച്ചു. നമ്മുടെ ഗാലക്സിയായ ക്ഷീര പദത്തിന്റെ മധ്യ ഭാഗത്തുള്ള നക്ഷത്രങ്ങളുടെ ചലനങ്ങളില്‍ നിന്നുമാണ് ക്ഷീര പദത്തില്‍ ഒരു തമോ ഗര്‍ത്തം (ബ്ലാക്ക്‌ ഹോള്‍) ഉണ്ടെന്നു മനസിലാക്കാന്‍ കഴിഞ്ഞത്. തമോഗര്‍ത്തങ്ങളെ കുറിച്ച് മറ്റൊരു പോസ്റ്റില്‍ വിശദമാക്കാം.  തമോ ഗര്‍ത്തങ്ങളും ഡാര്‍ക്ക്‌ മാറ്റര്‍ എന്ന ഗണത്തില്‍ വരുന്നവയാണ്.

ഇനി ഡാര്‍ക്ക്‌ മാറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്തു തരം കണങ്ങളാല്‍ ആണെന്ന്‌ നോക്കാം. ബാര്യോനിക് ഡാര്‍ക്ക്‌ മാറ്റര്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പ്രോടോണ്‍ നുട്രോന്‍ എന്നി ഘടകങ്ങള്‍ കൊണ്ടാണ്. എന്നാല്‍ നോണ്‍ ബാര്യോനിക് ഡാര്‍ക്ക്‌ മാറ്റര്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഘടകങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അപൂര്‍ണ്ണമാണ്.  ന്യുട്രിനോകള്‍  ഒരു നോണ്‍ ബാര്യോനിക് മാറ്റര്‍ ആണു. നമ്മുടെ ശരീരത്തുകൂടി ഓരോ നിമിഷവും കോടിക്കണക്കിനു ന്യുട്രിനോകള്‍ ആണു കടന്നു പോകുന്നത്. എങ്കിലും ന്യുട്രിനോകളെ കൂടാതെ മറ്റു കണങ്ങളുടെ നിലനില്‍പ്പ്‌ ആവശ്യമാണെന്ന് പല പഠനങ്ങളിലൂടെയും തെളിഞ്ഞിട്ടുണ്ട്.  ഫോട്ടിനോ (photino ), ഗ്രവിടിനോ  (gravitino ),  ആക്സിനോ  (axino ), ഗ്ലുഇനൊ (gluino ), എസ്-ന്യുട്രിനോ (s - neutrino ) തുടങ്ങിയ കണങ്ങള്‍ നോണ്‍-ബാര്യോനിക് ഡാര്‍ക്ക്‌ മാറ്റര്‍ വിഭാഗത്തില്‍ പെടുന്നതാണ്. എങ്കിലും ലാര്‍ജ് ഹാട്രോണ്‍ കൊലൈടര്‍ (Large  Hadron  Collider ) പോലുള്ള ആധുനിക പരീക്ഷണങ്ങള്‍ വിവിധ കണങ്ങളുടെ നിലനില്‍പ്പിനെ സാധൂകരിക്കുവാന്‍ ആവശ്യമാണ്‌.

അവസാനമായി, പ്രകാശം പുറപ്പെടുവിക്കുന്ന ഒരു വസ്തുവിന് അഭിമുഖമായി ഡാര്‍ക്ക്‌ മാറ്റര്‍ വന്നാല്‍ അവയെ കാണുവാന്‍ സാധിക്കുമോ എന്നു നോക്കാം. തീര്‍ച്ചയായും ബാര്യോനിക് ഡാര്‍ക്ക്‌ മാറ്റര്‍ പ്രകാശത്തിനു അഭിമുഖമായി വന്നാല്‍ അവയെ കാണുവാന്‍ സാധിക്കും. കാരണം അവ പ്രകാശത്തെ ആഗീകരണം ചെയ്യുകയും, പ്രകാശം പുറപ്പെടുവിക്കുന്ന വസ്തുവിനെ നമ്മുടെ കാഴ്ചയില്‍ നിന്നും മറക്കുകയും ചെയ്യുന്നു. എന്നാല്‍ നോണ്‍-ബാര്യോനിക് ഡാര്‍ക്ക്‌ മറ്റെരിന്റെ സാന്നിധ്യം അവ മറ്റു വസ്തുക്കളില്‍ ഉണ്ടാക്കുക്കന്ന ഗുരുത്വകര്‍ഷനതിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. കാരണം അവയ്ക്ക് പ്രകാശത്തെ ആഗീകരണം ചെയ്യുകയോ, പ്രകാശത്തെ പുറപ്പെടുവിക്കുകയോ ചെയ്യില്ല. അവയ്ക്ക് സാധാരണ മറ്റെരുമായി കൂട്ടിയിടിക്കുവാനും കഴിയുകയില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഓരോ നിമിഷവും കോടിക്കണക്കിനു ന്യുട്രിനോകള്‍ കടന്നു പോകുന്ന നമ്മുടെ ശരീരത്തെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കുക.

(ലളിതവല്‍ക്കരിക്കുന്നത് മൂലം ചില സ്ഥലങ്ങളില്‍ ആശയങ്ങള്‍ക്ക് ചെറിയ വ്യത്യാസം ഉണ്ടായേക്കാം)