Sunday, October 17, 2010

സ്ഥല-കാലവും പ്രകാശവും

ഭൌതിക ശാസ്ത്രത്തില്‍ ഏവരെയും വിസ്മയിപ്പിച്ച ഐയിന്‍സ്ടീന്‍ ആവിഷ്കരിച്ചതാണ് ആപേഷികത സിദ്ധാന്തം. ആപേഷികത സിദ്ധാന്തമുപയോഗിച്ചു പ്രപഞ്ച പരിണാമത്തെ വിശദീകരിക്കാം എന്നും അദ്ദേഹം കണ്ടെത്തി. ഈ സിദ്ധാന്ത പ്രകാരം പ്രകാശം വക്രതയുള്ള ചതുര്‍മാന സ്ഥല-കാലത്തിലൂടെയാണ്‌  സഞ്ചരിക്കുന്നത്. ഉധാഹരണത്തിന് ഉറുമ്പ്‌ ഒരു പന്തിന്റെ മുകളിലൂടെ  സഞ്ചരിക്കുകയാണെന്നു കരുതുക. ഇതില്‍ പന്തിന്റെ പുറം സ്ഥല-കാലവും ഉറുമ്പ്‌ പ്രകാശവും ആണു. പന്തിന്റെ (സ്ഥലകാലം) വക്രത കാരണം ഉറുമ്പ്‌ (പ്രകാശം) വളഞ്ഞു സഞ്ചരിക്കുന്നു. എന്നാല്‍ പ്രകാശം നേര്‍ രേഖയില്‍ മാത്രമേ സഞ്ചരിക്കൂ എന്നു നമുക്കറിയാം. അപ്പോള്‍ സ്ഥല-കാലത്തിലെ വളവു പ്രകാശത്തിനു നേര്‍ രേഖയാണ് (പന്തിന്റെ മുകളില്‍ കൂടി നമുക്ക് നേര്‍ രേഖ വരയ്ക്കുവാന്‍ കഴില്ല. അപ്പോള്‍ നേര്‍ രേഖ എന്നാല്‍ രണ്ടു സ്ഥലങ്ങളെ കൂട്ടി മുട്ടിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാതയാണ്).  അപ്പോള്‍ എന്തു കൊണ്ടാണ് നമുക്ക് പ്രകാശത്തിന്റെ ഈ വളവു കാണുവാന്‍ സാധിക്കാത്തത്? അതിനു കാരണം നമ്മള്‍ ജീവിക്കുന്നത് സ്ഥല-കാലത്തിന്റെ വളവിനെക്കാള്‍ വളരെ വളരെ ചെറിയ ഒരു ഭാഗത്താണ്. ലളിതമാക്കി പറഞ്ഞാല്‍ ഒരു റോഡിലെ കൊടും വളവു നമുക്കനുഭവപ്പെടും. എന്നാല്‍ തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ വളവുകള്‍ നമുക്ക് അനുഭവപ്പെടുന്നില്ല, കാരണം റെയില്‍ പാളത്തിലെ വളവുകളുടെ വക്രത വളരെ കുറവാണ്. സ്ഥല-കാലം പാളവും നമ്മള്‍ ജീവിക്കുന്ന ഭൂമി ആ തീവണ്ടിയുമാണ്.

ഇപ്പോള്‍ ഉണ്ടാകുവാന്‍ പോകുന്ന സംശയം, പ്രകാശം വളഞ്ഞു സഞ്ചരിക്കുന്നത്  നമുക്ക്  ഒരിക്കലും കാണുവാന്‍ കഴിയില്ലേ എന്നാണു. വീണ്ടും തീവണ്ടിയുടെ ഉദാഹരണം എടുക്കാം. പാളത്തിലെ വളവുകള്‍ തീവണ്ടിയില്‍ ഇരുന്നു നമുക്ക് മനസിലാക്കാന്‍ കഴിയില്ല എങ്കിലും ഒരു ഉയര്‍ന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും നോക്കിയാല്‍ ആ വളവു തിരിച്ചറിയാന്‍ കഴിയും. അതായതു ആ വളവിന്റെ വ്യാസതിനെക്കാള്‍ അകലെ നിന്നും  അവയുടെ വക്രത നമുക്ക് മനസിലാക്കാം. ഇതേ രീതി തന്നെ നമുക്ക് സ്ഥല-കാലങ്ങളുടെ വക്രത മനസിലാക്കാനും ഉപയോഗപ്പെടുത്താം.  അതായതു പ്രകാശത്തിന്റെ വളവു നിരീക്ഷിക്കാന്‍ അകലെയുള്ള വസ്തുക്കളെ നിരീക്ഷിക്കുക.

ചുരുക്കത്തില്‍
1. ആപേഷികതാ സിദ്ധാന്തമനുസരിച്  ഓരോ വസ്തുവിന്റെയും പിണ്ഡം സ്ഥല-കാലത്തിനു വക്രത ഉണ്ടാക്കുന്നു.
2. വക്രത ഉള്ള സ്ഥല-കാലത്തില്‍ പ്രകാശം 'വളഞ്ഞു' സഞ്ചരിക്കുന്നു
3. ഈ 'വളവു' വക്രത ഉള്ള സ്ഥല-കാലത്തില്‍ നേര്‍ രേഖയാണ് (രണ്ടു സ്ഥലങ്ങളെ കൂട്ടി മുട്ടിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാത)

സ്ഥല കാലത്തിനു വക്രത ഉണ്ടാക്കുന്നത് പിണ്ടമാണ് എങ്കില്‍, കൂടുതല്‍ പിണ്ടമുള്ള പ്രപഞ്ചത്തിന്റെ ഭാഗങ്ങള്‍ കൂടുതല്‍ വക്രത ഉള്ളവയായിരിക്കും. പ്രകാശത്തിന്റെ വളവുകള്‍ നിരീക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങള്‍ കൂടുതല്‍ പിണ്ടമുള്ള വസ്തുക്കള്‍ ഉള്ള പ്രപഞ്ചത്തിലെ ഭാഗങ്ങള്‍ ആയിരിക്കും. അത്തരം വസ്തുക്കളെ ക്ലുസ്റെര്സ് ഓഫ് ഗാലക്സീസ് (clusters  of  galaxies )  എന്നറിയപ്പെടുന്നു. ഓരോ ക്ലുസ്റെര്സ് ഓഫ് ഗാലക്സികളിലും നൂറു കണക്കിന് ഗാലക്സികള്‍ ഉണ്ട്‌. ഓരോ ഗാലക്സികളിലും ആയിരം കോടി നക്ഷത്രങ്ങള്‍ എങ്കിലും ഉണ്ട്‌. ഓരോ നക്ഷത്രങ്ങള്‍ക്കും സൂര്യന്റെ ഭാരം ഉണ്ടെന്നു കണക്കാക്കിയാല്‍ ഓരോ ക്ലുസ്റെര്സ് ഓഫ് ഗലക്സികളുടെയും പിണ്ഡം പത്തു ലക്ഷം സൂര്യ പിണ്ഡം എങ്കിലും ഉണ്ടാകും. എന്നാല്‍ പ്രപഞ്ചത്തില്‍ കാണുവാന്‍ കഴിയുന്ന വസ്തുക്കളുടെ ആറ് ഇരട്ടിയോളം കാണുവാന്‍ കഴിയാത്ത പദാര്‍ഥങ്ങള്‍ ആണു ഉള്ളത്. അവ ഡാര്‍ക്ക്‌ മാറ്റര്‍ എന്നാണു അറിയപ്പെടുന്നത്.  അതായതു ഗാലക്സികളുടെ എണ്ണത്തില്‍ നിന്നും നാം കണകാക്കിയ ക്ലസ്ടരിന്റെ ഭാരം അവയുടെ ശരിയായ പിണ്ഡത്തിന്റെ ചെറിയൊരു അംശം മാത്രമാണ്.

അപ്പോള്‍ എങ്ങനെ ക്ലുസ്റെരിന്റെ യദാര്‍ത്ഥ പിണ്ഡം കണ്ടുപിടിക്കാം? പിണ്ഡം ഏതു തരം ആയാലും (കാണുവാന്‍ കഴിയുന്നതും, കഴിയാത്തതും) അത് സ്ഥല-കാലത്തില്‍ ഉണ്ടാക്കുന്ന വക്രത ഒരുപോലെ ആയിരിക്കും. അതായത് ഒരു കിലോ ഗ്രാം കാണുവാന്‍ കഴിയുന്ന പിണ്ഡം സ്ഥല-കാലത്തില്‍ ഒരു മീറ്റര്‍ വ്യാസമുള്ള വക്രത ഉണ്ടാക്കുമെങ്കില്‍ ഒരു കിലോഗ്രാം ഡാര്‍ക്ക്‌ മാറ്റര്‍ ഒരു മീറ്റര്‍ വ്യാസത്തില്‍ വക്രത ഉണ്ടാക്കും.  അതായത് പ്രകാശത്തിന്റെ വളവു അളക്കാം എങ്കില്‍ നമുക്ക്  അവിടെ ഉള്ള പിണ്ഡത്തിന്റെ അളവ് മനസിലാക്കാന്‍ കഴിയും. അതിന്റെ കുറിച്ച് കൂടുതല്‍ അടുത്ത പോസ്റ്റില്‍.

പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ജ്യോതിശാസ്ത്രവും

പരീക്ഷണങ്ങളും  നിരീക്ഷണങ്ങളും ശാസ്ത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത രണ്ടു പ്രോസീസ്സുകള്‍ ആണു. ഗ്രിഗോര്‍ മെന്റല്‍ പയറ് ചെടികളില്‍ നടത്തിയ പരീക്ഷണ-നിരീക്ഷണങ്ങള്‍ ഉല്പതിയെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഓര്‍മിക്കുക.  ഭൌതിക ശാസ്ത്രത്തില്‍ അതെങ്ങനെ ആണെന്ന്‌  ലളിതമായി പരിശോദിക്കാം. എല്ലാ വസ്തുക്കളും താഴേക്കു വീഴുന്നത് നിങ്ങള്‍ നിരീക്ഷിചിരിക്കും.  നിങ്ങള്‍ ഈ  നിരീക്ഷണത്തെ 'എല്ലാ വസ്തുക്കളും ഭൂമിയിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നു' എന്നു interpret ചെയ്യും. എന്നാല്‍ ഒരു തേങ്ങ (ഭാരം കൂടിയ വസ്തു) വീഴുന്നതും മാങ്ങാ (ഭാരം കുറഞ്ഞ വസ്തു) വീഴുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോയെന്നു ശ്രെദ്ധിക്കുക. ഇല്ലെന്നാണ് നിങ്ങള്‍ക്ക് കണ്ടെത്താനാവുക. അപ്പോള്‍ നിങ്ങളുടെ interpretation 'എല്ലാ വസ്തുക്കളും താഴേക്കു പതിക്കുന്നത് ഒരേ ത്വരണത്തില്‍ ആണു. അവയുടെ പിണ്ഡം ത്വരണത്തില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല' എന്നാവും. ഇനി നിങ്ങളുടെ ഈ നിരീക്ഷണം ശരിയാണോ എന്നറിയാന്‍ ഒരു പരീക്ഷണത്തില്‍ ഏര്‍പ്പെടുക. നിങ്ങള്‍ ഒരു കിലോ ഗ്രാം ഭാരമുള്ളതും അഞ്ചു കിലോഗ്രാം ഭാരമുള്ളതുമായ രണ്ടും വസ്തുക്കള്‍ പത്തു മീറ്റര്‍ ഉയരമുള്ള ഒരു കെട്ടിടത്തില്‍ നിന്നും താഴേക്കിടുക. ആ രണ്ടു വസ്തുക്കളും താഴെയെത്താന്‍ ആവശ്യമായ സമയം അളക്കുക. ആ രണ്ടു സമയങ്ങളും ഒരു പോലെ ആണെങ്കില്‍ നിങ്ങളുടെ നിഗമനം ശരിയാണെന്ന് മനസിലാക്കാം.
നിരീക്ഷണങ്ങളില്‍ നിന്നും എത്തി ചേരുന്ന ഏതൊരു ശാസ്ത്ര നിഗമനവും അഗീകരിക്കുവാന്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ജ്യോതി ശാസ്ത്രത്തില്‍ പരീക്ഷണങ്ങള്‍ നടത്തുവാന്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ട്‌.  പ്രപഞ്ചത്തിന്റെ തുടക്കത്തില്‍ നിലനിന്നിരുന്ന അവസ്ഥ മനസിലാക്കുവാന്‍ നടത്തുന്ന ലാര്‍ജ് ഹട്രോണ്‍ കൊളയിടര്‍ പരീക്ഷണത്തെ കുറിച്ചും അവയുടെ സങ്കീര്‍ണതയെ കുറിച്ചും കേട്ടിരിക്കുമല്ലോ. എന്നാല്‍ ഭൌധിക ശാസ്ത്രം പ്രപഞ്ചത്തില്‍ എല്ലായിടത്തും ഒരു പോലെ ആയതിനാല്‍ ഭൂമിലെ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ നേടിയ അറിവ് പ്രപഞ്ച വസ്തുക്കളില്‍ നമുക്ക് apply ചെയ്യുവാന്‍ സാധിക്കും. ആയതിനാല്‍ പ്രപഞ്ചത്തെ സൂക്ഷമായി നിരീക്ഷിക്കുക എന്നത് ജ്യോതിശാസ്ത്രത്തില്‍ വളരെ പ്രധാനമാണ്.  ഒരു ഉദാഹരണത്തിലൂടെ ഇതു കൂടുതല്‍ മനസിലാക്കാം. എല്ലാ നക്ഷത്രങ്ങളും ജ്വലിച്ചു കൊണ്ടിരിക്കുന്നത് അവയില്‍ നടക്കുന്ന ന്യുക്ളിയാര്‍ ഫ്യുഷന്‍ വഴിയാണെന്ന് നമുക്കറിയാം. അതുകൊണ്ട്  നക്ഷത്രങ്ങള്‍ ഉയര്‍ന്ന താപ നിലയിലായിരിക്കും. നമുക്ക് അവയുടെ താപ നില അളക്കണം എന്നു കരുതുക. അവയില്‍ നിന്നും വരുന്ന പ്രകാശത്തില്‍ നിന്നും നമുക്ക് അത് സാധ്യമാക്കേണ്ടത് ഉണ്ട്. ചൂട് പിടിച്ച ഒരു വസ്തു പുറപ്പെടുവിക്കുന്ന പ്രകാശത്തിന്റെ (ചുട്ടു പഴുത്ത ഇരുമ്പില്‍ നിന്നും ചുവന്ന പ്രകാശം വരുന്നത് ഓര്‍ക്കുക) തരംഗ ദൈര്‍ഖ്യം  അവയുടെ താപനിലയുമായി ബന്ദപ്പെട്ടിരിക്കുന്നതിനാല്‍ നക്ഷത്രങ്ങളുടെ പ്രകാശത്തില്‍ നിന്നും അവയുടെ താപനില നമുക്ക് അളക്കുവാന്‍ കഴിയും. ഇവിടെ നാം പരീക്ഷണങ്ങളിലൂടെ ആര്‍ജിച്ച പ്ലാങ്ക്സ് നിയമം നക്ഷത്രങ്ങളുടെ പഠനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു.

ഭൌധിക ശാസ്ത്രം എല്ലായിടത്തും ഒരു പോലെ ആയതിനാല്‍ നമുക്ക് അറിയാവുന്ന ചില പ്രതിഭാസങ്ങള്‍ പ്രപഞ്ചത്തില്‍  നിരീക്ഷിക്കുവാന്‍  സാധിക്കും. അതിലൂടെ പ്രപഞ്ചത്തെ കൂടുതല്‍ മനസിലാക്കുവാനും നമുക്ക് കഴിയും. അതില്‍ പ്രധാന പെട്ട ഒന്നാണ് ലെന്‍സിംഗ്. അതിനെ കുറിച്ച് അടുത്ത പോസ്റ്റില്‍ വിശദമാക്കാം.