Monday, April 30, 2012

സൗരയൂഥം - 1 : ഗ്രഹങ്ങളും ക്യുപ്പേര്‍ ബെല്‍റ്റ്‌ വസ്തുക്കളും

സൗരയൂഥത്തെ കുറിച്ച് വളരെ നല്ല ധാരണ പൊതു സമൂഘത്തിനുണ്ട്. അത് കൊണ്ട് തന്നെ ഈ ലേഖനം അല്പം ലളിതമായി തോന്നാന്‍ സാധ്യതയും ഉണ്ട്. എങ്കിലും ഗ്രഹങ്ങളില്‍ നിന്നും ഉപഗ്രഹങ്ങളില്‍ നിന്നും കുറച്ചു കൂടി മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. സൗരയൂഥത്തിന്റെ ഘടനയെ കുറിച്ചുള്ള പഠനങ്ങളില്‍ പ്രധാനമായും പരിഗണിക്കപ്പെടുന്നത് സൂര്യന് ചുറ്റുമുള്ള ഗ്രഹങ്ങളുടെ സഞ്ചാര പാതയാണ് (ഭ്രമണപഥം). ഭ്രമണപഥത്തെ വിശധീകരിക്കുവാനുള്ള ആധുനിക സമ വാക്യങ്ങള്‍ അവതരിപ്പിച്ചത് കെപ്ലര്‍ എന്ന ജര്‍മന്‍ ശാസ്ത്രന്ജനാണ്. അദ്ദേഹത്തിന് ഈ കണ്ടെത്തല്‍ നടത്തുവാന്‍ സഹായകമായത് ടൈക്കോ ബ്രാഹെ (Tycho Brahe) എന്ന ഡാനിഷ് ശാസ്ത്രഞ്ജന്‍ വര്‍ഷങ്ങളോളം നടത്തിയ നിരീക്ഷണങ്ങള്‍ ആണ്. അദ്ദേഹം നിരവധി വര്‍ഷങ്ങള്‍  ഗ്രഹങ്ങളുടെ സ്ഥാനം രേഖപ്പെടുത്തി കൊണ്ടിരുന്നു. ടൈക്കോ ബ്രാഹെ യുടെ സഹായിയായി ജോലി ആരംഭിച്ചതോടെ ആണ്  കേപ്ലര്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്. അതില്‍ നിന്നുമാണ് കെപ്ലര്‍ അദ്ധേഹത്തിന്റെ പ്രസിദ്ധമായ ഗ്രഹ ചലന നിയമങ്ങള്‍ രൂപപ്പെടുത്തിയെടുത്തത്. കെപ്ലറുടെ ഗ്രഹ ചലന നിയമങ്ങള്‍ പ്രകാരം ഗ്രഹങ്ങള്‍ അണ്‌ഡവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നു. ഓരോ ഗ്രഹങ്ങളുടെയും സഞ്ചാര പഥം പ്രധാനമായും നിര്‍ണയിക്കുന്നത് സൂര്യന്റെ ഗുരുത്വാകര്‍ഷണം ആണ്. എന്നാല്‍ മറ്റു ഗ്രഹങ്ങളുടെ സ്വാധീനം മൂലം ഒരു ഗ്രഹങ്ങളുടെയും ഭ്രമണപഥത്തിനു  മന്ദഗതിയില്‍ വ്യത്യാസം സംഭവിക്കുന്നു. ഉദാഹരണത്തിന്, ഭൂമിയുടെ ഭ്രമണപഥം പൂര്‍ണ വൃത്താകൃതിയില്‍ നിന്നും ചെറിയ തോതിലുള്ള അണ്‌ഡാകൃതിയിലേക്കും തിരിച്ചും മാറികൊണ്ടിരിക്കും. സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ ബുധനും പ്ലൂട്ടോയും ഒഴിച്ചുള്ള ഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ണ വൃത്തതിനോടടുത്ത ഭ്രമണപഥങ്ങളില്‍ ആണ് സഞ്ചരിക്കുന്നത്.

ഗ്രഹങ്ങളുടെ ഭ്രമണപഥത്തെകുറിച്ച് രസകരമായ ഒരു കണ്ടു പിടുത്തം പതിനെട്ടാം നൂറ്റാണ്ടില്‍ ഉണ്ടായി. സൂര്യനില്‍ നിന്നും അന്ന് വരെ അറിയപ്പെട്ടിട്ടുള്ള ഓരോ ഗ്രഹങ്ങളിലെക്കും ഉള്ള ദൂരം വളരെ ലളിതമായ സൂര്യനില്‍ നിന്നും മേര്‍ക്കുരിയിലെക്കുള്ള (ബുധന്‍) ദൂരത്തിന്റെ അടിസ്ഥാനത്തില്‍ എഴുതാം എന്ന് മനസിലാക്കി. ഇതിനെ ടിടിയാസ്-ബോഡെ നിയമം എന്നാണ് അറിയപ്പെടുന്നത്. ഈ നിയമ പ്രകാരം ചൊവ്വക്കും വ്യാഴത്തിനും ഇടയില്‍ ഒരു വസ്തു നിലനില്‍ക്കുന്നുണ്ട് എന്ന് പ്രവചിച്ചു. 1801 - ഇല്‍ ഈ നിയമം പ്രവചിച്ചത് പോലെ തന്നെ സെറെസ് (Ceres) എന്ന ഏറ്റവും വലിയ അസ്ട്രോയിടിനെ കണ്ടു പിടിച്ചു. എന്നാല്‍ 1846  ഇല്‍ കണ്ടുപിടിക്കപ്പെട്ട എട്ടാമത്തെ ഗ്രഹമായ നെപ്ടുന്നും, 1930 കണ്ടു പിടിക്കപ്പെട്ട ഒന്‍പതാമത്തെ ഗ്രഹമായ പ്ലൂട്ടോയും ടിടിയാസ്-ബോഡെ നിയമം  പൂര്‍ണമായും ശരിയല്ല എന്ന് തെളിയിച്ചു. ടിടിയാസ്-ബോഡെ നിയമ പ്രകാരം എട്ടാമത്തെയും ഒന്പതമാതെയും ഗ്രഹങ്ങള്‍ സ്ഥിതി ചെയ്യേണ്ടത് സൂര്യനില്‍ നിന്നും ഏകദേശം 39 ഉം 77 ഉം അസ്ട്രോനോമിക്കല്‍ യൂനിറ്റ് അകലെ ആണ്. എന്നാല്‍ നെപ്ടുന്നും പ്ലൂട്ടോയും സ്ഥിതി ചെയ്യുന്നത് മുപ്പതും നാല്‍പ്പതും അസ്ട്രോനോമിക്കല്‍ യൂനിറ്റ് അകലെ വീതമാണ്.

സൗരയൂഥത്തില്‍ സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നാല് ഗ്രഹങ്ങളെ (ബുധന്‍, ശുക്ക്രന്‍, ഭൂമി, ചൊവ്വ) ടെറസ്ട്രിയല്‍ ഗ്രഹങ്ങള്‍ (terrestrial planets) എന്നറിയപ്പെടുന്നു. ഈ ഗ്രഹങ്ങള്‍ സാന്ദ്രത കൂടിയ ശിലാമയമായവയാണ്. ഈ ഗ്രഹങ്ങളുടെ മറ്റൊരു സാമ്യത അവയുടെ ഉപരിതലത്തില്‍ കാണുന്ന കുഴികളാണ് (crater). എന്നാല്‍ ഭൂമിയിലും, ശുക്രനിലും കുഴികള്‍ വളരെ അപൂര്‍വ്വമായി മാത്രമേ കാണുന്നുള്ളൂ. അതിനു പ്രധാന കാരണം ഈ ഗ്രഹങ്ങളില്‍ നടക്കുന്ന ഭൂ പരിണാമങ്ങള്‍ (geological process) ആണ് (ഭൂഖണ്ഡങ്ങള്‍ ഉണ്ടാകുന്നത് ഇത് മൂലമാണ്). ഇവിടെ പരാമര്‍ശിക്കേണ്ട ഒരു കാര്യം, ചില സിദ്ധാന്തങ്ങള്‍  പ്രകാരം  വാസ യോഗ്യമായ ഒരു ഗ്രഹത്തിന് ഭൂ പരിണാമങ്ങള്‍ അത്യാവശ്യമാണ്. അവ കാര്‍ബണ്‍ ചക്രം പൂര്‍ത്തികരിക്കുവാന്‍ ആവശ്യമാണെന്ന് കരുതപ്പെടുന്നു  (ആസ്ട്രോ ബയോളജിയെ കുറിച്ച്  ആര്‍ക്കെങ്കിലും എഴുതുവാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക). 

ടെറസ്ട്രിയല്‍ ഗ്രഹങ്ങളെ കൂടാതെ നാല് പ്രധാന ഗ്രഹങ്ങള്‍ ആണ് സൂര്യനുള്ളത്, വ്യാഴം , ശനി, യുറാനസ്, നെപ്ടുന്‍. ഇവക്കു ചുറ്റും വളയങ്ങള്‍ ഉണ്ട് എന്നതാണ് ഈ ഗ്രഹങ്ങളുടെ പൊതു സവിശേഷത. എന്നാല്‍ ശനിയുടെ വളയങ്ങള്‍ ആണ് കൂടുതല്‍ വ്യക്തമായിട്ടുള്ളത്. ഇവക്കു കൂടുതലും ഹൈദ്രോജനും, ഹീലിയവും അടങ്ങുന്ന അന്തരീക്ഷം ആണുള്ളത്. എന്നാല്‍ അവയുടെ ഉള്‍ഭാഗങ്ങള്‍ വളരെ വ്യത്യസ്തമാണ്. വ്യാഴത്തിനും  ശനിക്കും കൂടുതലും സൂര്യനോടടുത്ത മിശ്രണമാണുള്ളത്. എന്നാല്‍ യുറാനസ്, നെപ്ടുന്‍ എന്നിവയില്‍ ജലം, മീതയിന്‍, അമോണിയ എന്നിവ ആണ് കൂടുതലും ഉള്ളത്.

അവസാനമായി പ്ലൂട്ടോയുടെ കാര്യം എടുക്കാം. പ്ലൂട്ടോയെ കണ്ടുപിടിക്കുന്നതിനു മുന്നേ അത്തരം ഒരു വസ്തുവിന്റെ സാന്നിധ്യം പ്രവചിക്കപ്പെട്ടിരുന്നു. യുറനസിന്റെയും നേപ്ടുനിന്റെയും ചലനങ്ങള്‍ മനസിലാക്കിയാണ് അത്തരം ഒരു പ്രവചനം നടത്തപ്പെട്ടത്. ഭൂമിയുടെ പിണ്ടത്തെക്കാള്‍ ഏകദേശം ആറു ഇരട്ടിയുള്ള വസ്തുവിനെയാണ് പ്രവചിചിരുന്നുവെങ്കിലും ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം പ്ലുട്ടോക്ക് ഭൂമിയുടെ ആയിരത്തില്‍ രണ്ടു അംശം മാത്രമേ ഭാരമുള്ളൂ എന്ന് മനസിലാക്കിയിട്ടുണ്ട്. ഇത് ടെറസ്ട്രിയല്‍ ഗ്രഹങ്ങളെക്കാളും വളരെ കുറവായതിനാല്‍ പ്ലൂട്ടോയെ അത്തരം ഗണത്തില്‍ പെടുത്തുന്നില്ല. കൂടാതെ സൌരയൂഥത്തിന്റെ പിറവിയെ കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ നേപ്ടുനിനും അകലെ പ്ലൂട്ടോയെ കൂടാതെ മറ്റു വസ്തുക്കളുടെ സാന്നിധ്യം പ്രവചിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ വരവോടെ അവയില്‍ നിരവധി വസ്തുക്കളെ കണ്ടെത്തി കഴിഞ്ഞു. അവയെ ക്യുപ്പേര്‍ ബെല്‍റ്റ്‌ (kuiper belt) വസ്തുക്കള്‍ എന്നാണ് അറിയപ്പെടുന്നത്. നൂറു കിലോമീറ്റരുകളില്‍ കൂടുതല്‍ വ്യാസമുള്ള പതിനായിരത്തോളം വസ്തുക്കള്‍ ക്യുപ്പേര്‍ ബെല്‍റ്റില്‍ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. അവയില്‍ ആയിരത്തി മുന്നുറോളം വസ്തുക്കളെ ഇതുവരെ കണ്ടെത്തി കഴിഞ്ഞു. ക്യുപ്പേര്‍ ബെല്‍റ്റിലെ വസ്തുക്കളില്‍ ചിലത് നേപ്ടുനിന്റെ ഗുരുത്വകര്‍ഷണ പ്രഭാവം മൂലം സൌരയൂഥത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നു. അവയില്‍ ചിലത് വാല്‍ നക്ഷത്രങ്ങള്‍ ആയി മാറുകയും മറ്റു ചിലത് സൌരയുധതിനു പുറത്തേക്കു പോകുകയും ചെയ്യും. നിരവധി ക്യുപ്പേര്‍ ബെല്‍റ്റ്‌ വസ്തുക്കള്‍ക്ക് പ്ലുട്ടോയുടെതിനു സമാനമായ വലുപ്പം ഉണ്ട്. ആയതിനാല്‍ പ്ലൂട്ടോ അവയുടെ വര്‍ഗ്ഗത്തില്‍ പെടുന്ന വസ്തുവാണെന്ന് കരുതപ്പെടുന്നു.

ക്യുപ്പേര്‍ ബെല്‍റ്റിന്റെ സ്ഥാനം (കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ പോകുക )

ഉദാഹരണത്തിന്, പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്നും മാറ്റുവാന്‍ ഉള്ള തീരുമാനത്തിനു  കാരണം 2005 ല്‍ കണ്ടുപിടിച്ച എറിസ് (Eris) എന്ന  ക്യുപ്പേര്‍ ബെല്‍റ്റ്‌ വസ്തുവാണ്. എറിസിനു പ്ലുട്ടോയെക്കളും പത്തു ശതമാനം വലുപ്പ കൂടുതലും ഉണ്ട്. അതിനാല്‍ തന്നെ പ്ലൂട്ടോ, എറിസ്, സെറെസ് തുടങ്ങിയ വസ്തുക്കളെ കുള്ളന്‍ ഗ്രഹങ്ങള്‍ എന്ന ഒരു വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്താന്‍ 2006 ലെ അന്താരാഷ്ട്ര ജ്യോതി ശാസ്ത്രന്ജരുടെ യൂണിയന്‍ (International Astronomical Union) തീരുമാനിച്ചു. എന്ത് കൊണ്ടാണ്  പ്ലൂട്ടോയെ 1930 ല്‍  കണ്ടെത്തിയിട്ടും അതിനെക്കാള്‍ വലുപ്പമുള്ള വസ്തുക്കളെ കണ്ടെത്താന്‍ കഴിയാതിരുന്നത് എന്ന ചോദ്യം തോന്നാന്‍ ഇടയുണ്ട്. പ്ലൂട്ടോയുടെ അന്തരീക്ഷം കൂടുതലും മീതയിന്‍ ഐസ് കണങ്ങള്‍ കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇതു സൂര്യപ്രകാശത്തെ വളരെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്നു.

അറിയപ്പെട്ടിട്ടുള്ളതില്‍ വലിയ ക്യുപ്പേര്‍ ബെല്‍റ്റ്‌ വസ്തുക്കള്‍, (കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ പോകുക )

സൌരയൂഥത്തിന്റെ അതിര്‍ത്തി പ്ലുട്ടോക്കും ക്യുപ്പേര്‍ ബെല്‍റ്റിനും അപ്പുറം വ്യാപിച്ചിരിക്കുന്നു.  പതിനാറാം നൂറ്റാണ്ടില്‍ എഡ്മണ്ട് ഹാലി എന്ന ശാസ്ട്രന്ജന്‍ ന്യൂട്ടന്റെ ചലന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി, വാല്‍ നക്ഷത്രങ്ങള്‍ സൂര്യന് ചുറ്റും വലം വയ്ക്കുന്ന വസ്തുക്കള്‍ ആണെന്ന് മനസിലാക്കി. അതിന്റെ അടിസ്ഥാനത്തില്‍, 1682 ല്‍ പ്രത്യക്ഷപ്പെട്ട വാല്‍ നക്ഷത്രം 1607, 1531 എന്നീ വര്‍ഷങ്ങളില്‍ പ്രത്യക്ഷപെട്ട വാല്‍നക്ഷത്രങ്ങള്‍ ആയിരുന്നെന്നു അത് വീണ്ടും 1758 ല്‍ പ്രത്യക്ഷപ്പെടും എന്നും അദ്ദേഹം പ്രവചിച്ചു. തന്റെ പ്രവചനം ശരിയാകുന്നത് കാണുന്നതിനു മുന്നേ അദ്ദേഹം മരണപ്പെട്ടു. എങ്കിലും ഹാലിയുടെ വാല്‍ നക്ഷത്രത്തെ കുറിച്ച് അറിയാത്തവന്‍ ഇപ്പോള്‍ ചുരുക്കമായിരിക്കും. എന്താണ് വാല്‍ നക്ഷത്രങ്ങള്‍? അവ എവിടെ നിന്നും വരുന്നു? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിലൂടെ സൌരയൂഥത്തിന്റെ അറിയപ്പെട്ടിട്ടുള്ള അതിര്‍ത്തിയിലേക്ക് ചെല്ലാം.

റഫറന്‍സ്:
1. ദി ഒറിജിന്‍ ആന്‍ഡ്‌ എവലുഷന്‍ ഓഫ് ദി സോളാര്‍ സിസ്റ്റം - എം എം വുള്‍ഫ്സന്‍ (M M Woolfson)
2. http://solarsystem.nasa.gov