Tuesday, June 5, 2012

ട്രാന്‍സിറ്റ് ഓഫ് വീനസ്'

സൌരെതര ഗ്രഹങ്ങളുടെ അന്തരീക്ഷത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് സഹായകമാകുന്ന 'പ്രകൃതി ദത്ത' അനുകരണം (simulation) എന്ന രീതിയില്‍ ഇത്തവണ  'ട്രാന്‍സിറ്റ് ഓഫ് വീനസ്' ജ്യോതി ശാസ്ത്രത്തിനു സുപ്രധാനമാണ്‌. ഗ്രഹങ്ങള്‍ നക്ഷത്രങ്ങളുടെ മുന്നിലൂടെ കടന്നു പോകുമ്പോള്‍ അവയുടെ പ്രകാശത്തില്‍ ഉണ്ടാകുന്ന വ്യതിയാനം അളക്കുന്നതിലൂടെ ആണു സൌരെതര ഗ്രഹങ്ങളുടെ നിലനില്‍പ്പ്‌ പരിശോധിക്കുന്നത്. അതായതു വീനസ് സൂര്യന്റെ മുന്നിലൂടെ പോകുമ്പോള്‍ സൌര പ്രകാശത്തില്‍ എത്രമാത്രം വ്യത്യാസം ഉണ്ടായി എന്നു കണക്കാക്കുന്നതിലൂടെ വീനസിന്റെ വലുപ്പം, അതിന്റെ ഭ്രമണ പഥത്തിന്റെ വ്യാസം എന്നിവ മനസിലാക്കാം. ഈ വ്യത്യാസം എത്ര ചെറുതാണെന്ന് ഇന്നു ട്രാന്‍സിറ്റ് കണ്ടവര്‍ക്ക് മനസിലായിട്ടുണ്ടാകും. എന്നാല്‍ ഇതിനുപരി ട്രാന്‍സിറ്റ് നടക്കുമ്പോള്‍ വീനസിന്റെ അന്തരീക്ഷത്തെ കുറിച്ച് മനസിലാക്കുവാന്‍ കഴിയുമോ എന്നതാണ് ഒരു കൂട്ടം ജ്യോതി ശാസ്ത്രഞ്ജര്‍  ശ്രമിക്കുന്നത്. വീനസിന്റെ  അന്തരീക്ഷ ഘടനയെ കുറിച്ച് വളരെ വ്യക്തമായ അറിവ് നമുക്കുണ്ട്. വീനസിന്റെ അന്തരീക്ഷം നിര്‍മിക്കപ്പെട്ടിരിക്കുന്നത് കാര്‍ബണ്‍ ടൈ ഓക്സൈഡ്, സള്‍ഫുരിക് ആസിഡ് മുതലായവ കൊണ്ടാണ്. ട്രാന്‍സിറ്റ് നടക്കുമ്പോള്‍ സൂര്യന്റെ പ്രകാശത്തില്‍ ഒരു ഭാഗം വീനസിന്റെ  അന്തരീക്ഷത്തിലൂടെ കടന്നു പോകുകയും അതില്‍ ഒരു ഭാഗം കാര്‍ബണ്‍ ടൈ ഓക്സൈഡ് മുതലായ വസ്തുക്കള്‍ ആഗീകരണം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ അന്തരീക്ഷത്തില്‍ നിന്നും രക്ഷപെടുന്ന ബാക്കി പ്രകാശം അളക്കുന്നതിലൂടെ ഏതൊക്കെ വസ്തുക്കള്‍ ആണു വീനസിന്റെ അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നത് എന്ന് മനസിലാക്കുവാന്‍ കഴിയും. ഈ സാങ്കേതിക വിദ്യയെ സ്പെക്ട്രോ സ്കോപി (spectroscopy) എന്നാണു വിളിക്കുന്നത്. ഇന്ന്  ട്രാന്‍സിറ്റ് നടക്കുന്ന സമയം ചില ജ്യോതി ശാസ്ത്രഞ്ജര്‍ സ്പെക്ട്രോ സ്കോപി വഴി വീനസിന്റെ അന്തരീക്ഷത്തിലെ എത്ര മാത്രം ഘടകങ്ങളെ കണ്ടു പിടിക്കാം എന്ന് ശ്രമിക്കുകയാണ്. ഈ ശ്രമം വിജയിക്കുകയാണെങ്കില്‍ സൌരെതര ഗ്രഹങ്ങളുടെ അന്തരീക്ഷവും അവയുടെ ഘടനയും മനസിലാക്കുവാന്‍ സ്പെക്ട്രോസ്കോപി ഉപകരിക്കും. അവസാനമായി: സ്പെക്ട്രോ സ്കോപി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സാങ്കേതിക വിദ്യ ആണു. അത് ഉപയോഗിച്ചു നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഘടന മനസിലാക്കുവാന്‍ കഴിയും എന്നും അറിയാവുന്നതാണ്. എന്നാല്‍ ഗ്രഹങ്ങളുടെ അന്തരീകഷതിലൂടെ വരുന്ന നക്ഷത്ര പ്രകാശം വളരെ കുറവാണ്. നിലവിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചു ഈ തീരെ ചെറിയ പ്രകാശ സ്രോതസിനെ എങ്ങനെ മനസിലാക്കാം എന്നതാണ് പ്രധാന വെല്ലുവിളി

No comments:

Post a Comment